‘പെട്രോൾ അടിക്കൂ സമ്മാനങ്ങൾ നേടൂ’ ; പുതിയ ഓഫറുമായി പമ്പുടമകൾ

September 13, 2018

ഇന്ധന വില കുതിച്ചു കയറുന്ന കാലത്ത് എങ്ങനെ പെട്രോൾ അടിക്കുമെന്നോർത്ത് ആവലാതിപ്പെട്ടിരിക്കുന്ന ആളുകൾക്ക് കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ചില പമ്പുകള്‍. മധ്യപ്രദേശിലെ ചില പെട്രോള്‍ പമ്പ് ഉടമകളാണ് പുതിയ ഓഫറുമായി എത്തിയിരിക്കുന്നത്. പെട്രോളിനും ഡീസലിനും രാജ്യത്ത് ഏറ്റവും കൂടുതൽ മൂല്യവർധിത നികുതിയുള്ള സംസ്ഥാനമാണ് മധ്യപ്രദേശ്. ഇവിടെ പ്രെട്രോളിന് നികുതി കൂടുതലായതിനാൽ  സംസ്ഥാനത്തു കൂടി കടന്നു പോകുന്ന ട്രക്കുകൾ ഉൾപ്പെടെയുള്ള ചരക്കു വാഹനങ്ങള്‍ അന്യസംസ്ഥാനത്തെ പമ്പുകളെ ആശ്രയിക്കാൻ തുടങ്ങിയതോടെയാണ് സമ്മാന പദ്ധതിയുമായി പമ്പുടമകള്‍ രംഗത്തെത്തിയത്.

100 ലിറ്റർ ഡീസൽ അടിക്കുന്ന ട്രക്ക് ഡ്രൈവർമാർക്ക് പ്രഭാത ഭക്ഷണവും ചായയും. 5,000 ലിറ്റർ ഇന്ധനം നിറയ്ക്കുന്നതെങ്കിൽ മൊബൈൽ, സൈക്കിൾ, റിസ്റ്റ് വാച്ച്. 15,000 ലിറ്റർ അടിക്കുന്നവർക്ക് അലമാര, സോഫ സെറ്റ്, 100 ഗ്രാം വെള്ളി നാണയം തുടങ്ങിയവ സമ്മാനമായി ലഭിക്കും. 25,000 ലിറ്റർ ഡീസൽ അടിച്ചാൽ ഓട്ടോമാറ്റിക് വാഷിങ് മെഷിനാണ് സമ്മാനം. 50,000 ലിറ്ററിന് സ്പ്ലിറ്റ് എസി അല്ലെങ്കിൽ ലാപ്ടോപ്പും ഒരുലക്ഷം ലിറ്ററിന് സ്കൂട്ടർ അല്ലെങ്കിൽ ബൈക്കുമാണ് സമ്മാനം. ഇത്തരത്തിൽ പുതിയ ഓഫറുമായി എത്തിയതോടെ നിരവധി ആളുകളാണ് മധ്യപ്രദേശിലെ പമ്പുകളെ വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നതിന് ആശ്രയിക്കാൻ തുടങ്ങിയിരിക്കുന്നത്.