സാഫ് കപ്പ്: കിരീടം നഷ്ടപ്പെട്ട് ഇന്ത്യ; ചാമ്പ്യന്‍മാരായി മാലദ്വീപ്

സാഫ് കപ്പില്‍ ഇന്ത്യയ്ക്ക് പരാജയം. ഒന്നിനു നേരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയ്ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നത്. 19, 66 മിനിറ്റുകളില്‍ മാലദ്വീപ് വല കുലുക്കി. സുമിത് പാസ്സിയാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്. എട്ടാമത്തെ കിരീടത്തിനു വേണ്ടിയാണ് ഇന്ത്യ പോരാടിയതെങ്കിലും പരാജയം സമ്മതിക്കേണ്ടി വന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ടീം രണ്ടുഗോളിന് മാലദ്വീപിനെ കീഴടക്കിയിരുന്നു. ഇത് ആരാധകരുടെ പ്രതീക്ഷ നല്‍കി. മൂന്ന് കളിയില്‍ നിന്ന് ഏഴ് ഗോളുകള്‍ ഇന്ത്യ ഫൈനലിനു മുമ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഫൈനലില്‍ ഈ നേട്ടങ്ങളൊന്നും ഇന്ത്യയെ തുണച്ചില്ല. സെമിയില്‍ നേപ്പാളിനെ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചാണ് മാലദ്വീപ് ഫൈനലിലെത്തിയത്. ഈ വിജയം മാലദ്വീപ് ഫൈനലിലും ആവര്‍ത്തിച്ചു.

അലി ഫാഷിറും ഇബ്രാഹിം മഹൂദിയുമാണ് മാലദ്വീപിനെ തുണച്ച ഗോളുകള്‍ നേടിയത്. ഫൈനലിന്റെ തുടക്കം മുതല്‍ക്കെ മാല്വദീപിനായിരുന്നു മുന്‍തൂക്കം.
സെമിയില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവെച്ചത്. സെമിയില്‍ പാകിസ്താനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. കളിയില്‍ മന്‍വീര്‍ സിംഗ് രണ്ടും സുമിത്ത് ഒരു ഗോളും നേടി. പാക്കിസ്ഥാനായി മൊഹസില്‍ അലിയാണ് ഏക ഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് മൂന്ന് ഗോളുകളും ഇന്ത്യ കരസ്ഥമാക്കിയത്. കളിയുടെ48 ആം മിനിറ്റിലും 69ആംമിനിറ്റിലുമായിരുന്നു മന്‍വീര്‍ഗോളുകള്‍ നേടിയത്. 83ാം മിനിറ്റിലായിരുന്നു സുമിത് പാസിയുടെ ഗോള്‍. 88ാം മിനിറ്റില്‍ ഹസന്‍ ബഷീറാണ് പാകിസ്താന്റെ ആശ്വാസ ഗോള്‍ നേടിയത്.

അതേസമയം ഇന്ത്യയുടെയും പാകിസ്താന്റെയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് സെമിയില്‍ പുറത്തായിരുന്നു. ഇന്ത്യന്‍ താരം ലാലിയന്‍സ്വാല ചാങ്‌തെ, പാകിസ്ഥാന്‍ താരം മുഹ്‌സിന്‍ അലി എന്നിവരാണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്. പാകിസ്ഥാന്‍ ലക്ഷ്യമിട്ടത് സാഫ് കപ്പിലെ ആദ്യ ഫൈനലായിരുന്നെങ്കിലും രക്ഷപെട്ടില്ല. ഇരു ടീമുകളും തമ്മില്‍ ഇതുവരെ നടന്ന 31 മത്സരങ്ങളില്‍ ഇന്ത്യ പത്തൊമ്പതിലും പാകിസ്ഥാന്‍ അഞ്ചിലുമാണ് ജയിച്ചത്. അതുകൊണ്ട്തന്നെ ഫൈനല്‍ മത്സരത്തിലും ആരാധകര്‍ക്ക് ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷയും ഏറെ ഉണ്ടായിരുന്നെങ്കിലും ഫലമുണ്ടായില്ല.

സ്റ്റീഫന്‍ കോണ്‍സ്റ്റാന്റൈന്റെ പരിശീലനത്തിലാണ് സാഫ് കപ്പിനായി ഇന്ത്യന്‍ ടീം കളത്തിലിറങ്ങിയത്. സുബാശിഷ് ബോസായിരുന്നു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍.