‘സെഞ്ച്വറി പൂരവുമായി ഇന്ത്യ’… കന്നി സെഞ്ച്വറി നേടി ജഡേജ..

October 5, 2018

ഇന്ത്യക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞെത്തിയ ആദ്യ കളിയിൽ തന്നെ സെഞ്ച്വറിയുമായി ചരിത്രമെഴുതിയ പൃഥ്വിക്ക് ശേഷം സെഞ്ച്വറി കുറിച്ച് കൊഹ്‌ലിയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും. മത്സരത്തിൽ 649ന് ഒൻപത് എന്ന നിലയിൽ ഇന്ത്യ ആദ്യ ഇന്നിംഗ്സ് ഡിക്ലെയർ ചെയ്യുകയായിരുന്നു. ജഡേജ കളിയിൽ പുറത്താകാതെ 100 റൺസ് കരസ്ഥമാക്കി.  132 പന്തില്‍ അഞ്ച് ഫോറും അഞ്ച് സിക്‌സും സഹിതമാണ് ജഡേജ സെഞ്ച്വറി തികച്ചത്. ജഡേജ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. കരിയറിലെ കന്നി സെഞ്ച്വറിയാണ് ജഡേജ ഇന്ന് സ്വന്തമാക്കിയത്.

രണ്ടാം ദിനത്തിൽ സെഞ്ച്വറി നേടിയ വീരാട് കൊഹ്‌ലിയും 92 റൺസ് നേടിയ റിഷഭ് പന്തും 86 റൺസ് നേടിയ ചേതേശ്വർ പൂജാരയും കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. അശ്വിന്‍ ഏഴും കുല്‍ദീപ് യാദവ് 12ഉം ഉമേശ് യാദവ് 22ഉം റണ്‍സെടുത്ത് പുറത്തായി. മുഹമ്മദ് ഷമ്മി രണ്ട് റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

നാല് വിക്കറ്റെടുത്ത ബിഷുവാണ് വിന്‍ഡീസിനായി ഏറ്റവും അധികം വിക്കറ്റെടുത്തത്. ലെവിസ് രണ്ടും ഗാബ്രിയേല്‍, ചേസ്, ബ്രാത്ത് വൈത്ത് എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

വെസ്റ്റ്ഇന്‍ഡീസിനെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ആദ്യ ദിനത്തിൽ നാല് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സ് ഇന്ത്യ നേടിയിരുന്നു. ആദ്യദിനം കളി അവസാനിച്ചപ്പോള്‍ വിരാട് കോഹ് ലിയും രഹാനയുമായിരുന്നു ക്രീസില്‍. 92 പന്തില്‍ 41 റണ്‍സെടുത്ത് രഹാന പുറത്തായി. ഇന്ന് ഋഷഭ് പന്തും കോഹ്‌ലിയുമാണ് പോരാട്ടത്തിനിറങ്ങിയത്. രണ്ടാം ദിനത്തിലെ ഏഴാം ഓവറില്‍ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 400 കടത്തിയിരുന്നു.