‘ജോണി ജോണി യെസ് അപ്പ’യില്‍ ഒരുപാട് ചിരിക്കാനുണ്ട്; വിശേഷങ്ങളുമായി അനു സിത്താര

October 26, 2018

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ചിത്രം ഇന്നാണ് തീയറ്ററുകളിലെത്തുന്നത്. മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പ. അനു സിത്താരയാണ് ചിത്രത്തിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് അനു സിത്താര ‘ജോണി ജോണി യെസ് അപ്പ’യുടെ വിശേഷങ്ങള്‍ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒരുപാട് ചിരിപ്പിക്കുന്ന മികച്ച ഒരു ഫാമിലി എന്റര്‍ടെയ്‌നറാണ് ‘ ജോണി ജോണി യെസ് അപ്പ’യെന്ന് അനു സിത്താര വ്യക്തമാക്കി.

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജി മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷറഫുദ്ദീന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ‘രാമന്റെ ഏദന്‍തോട്ടം’ എന്ന സിനിമയ്ക്കു ശേഷം കുഞ്ചാക്കോ ബോബനും അനു സിത്താരയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ‘ജോണി ജോണി യെസ് അപ്പ’ എന്ന ചിത്രത്തിനുണ്ട്. ജോജി തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. വൈശാഖ് രാജനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഹാസ്യം തന്നെയാണ് ചിത്രത്തിന്റെ മുഖ്യപ്രമേയം. കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട ചിത്രമാണെങ്കിലും നല്ലൊരു കുടുംബ ചിത്രം കൂടിയാണ് ‘ജോണി ജോണി യെസ് അപ്പ’ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.