ഏഴുകോടി നേടി കേരളത്തിലും ’96’ ന്റെ മുന്നേറ്റം

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ’96’. തമിഴ് പ്രേക്ഷകര്‍ക്കൊപ്പം മലയാളി പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെയാണ് ചിത്രം മുന്നേറുന്നത്. ഏഴുകോടി രൂപയുടെ കളക്ഷനാണ് ചിത്രം ഇതുവരെ കേരളത്തില്‍ നിന്നും മാത്രമായി നേടിയത്.

ഒക്ടോബര്‍ അഞ്ചിനാണ് ചിത്രം കേരളത്തിലെ തീയറ്ററുകളിലെത്തിയത്. 18 ദിവസം കൊണ്ട് കേരളത്തില്‍ നിന്നും മാത്രമായി 7.02 കോടി രൂപ ചിത്രം നേടി. തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ വിജയ് സേതുപതി നായകനായെത്തിയ ’96’ എന്ന ചിത്രം കേരളവും ഇരുകൈയും നീട്ടി സ്വീകരിച്ചു. വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

തികച്ചും വിത്യസ്തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്നത്. 1996 ലെ സ്‌കൂള്‍ പ്രണയമാണ് ചിത്രത്തിലെ മുഖ്യ പ്രമേയം.

കഥാപാത്രത്തിന്റെ വിത്യസ്തമായ മൂന്നു ഘട്ടങ്ങളെയും വിജയ് സേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രേം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 96. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം.

ജനകരാജ്, വിനോദിനി, കാളി വെങ്കട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മഹേന്ദ്രന്‍ ജയരാജും എന്‍ ഷണ്‍മുഖ സുന്ദരവും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോവിന്ദ് പി മേനോനാണ് സംഗീതം. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം എസ്. നന്ദഗോപാലാണ്.