പ്രായം 21; രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റ് താരം

October 3, 2018

ക്രിക്കറ്റ് കായികലോകത്ത് ചര്‍ച്ചയാവുകയാണ് ഹോങ്കോംഗ് ക്രിക്കറ്റ് താരം ക്രസ്റ്റഫര്‍ കാര്‍ട്ടറിന്റെ വിരമിക്കല്‍ പ്രഖ്യാപനം. 21 വയസ്സാണ് ഈ യുവതാരത്തിന്റെ പ്രായം. ഹോങ്കോംഗിലെ ദേശീയ ക്രിക്കറ്റ് ടീമില്‍ കളിക്കുന്ന ക്രിസ്റ്റഫര്‍ അപ്രതീക്ഷിതമായാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മറ്റൊരു വലിയ സ്വപ്‌നം മുന്നില്‍കണ്ടുകൊണ്ടാണ് യുവതാരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. മികച്ച ഒരു പൈലറ്റാവുകയാണ് ക്രിസ്റ്റഫര്‍ കാര്‍ട്ടറിന്റെ സ്വപ്നം. ഇതിനായാണ് തന്റെ ക്രിക്കറ്റ് കരിയര്‍ താരം ഉപേക്ഷിക്കുന്നത്. 2015ലാണ് ക്രിസ്റ്റഫര്‍ കാര്‍ട്ടര്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്. രാജ്യത്തിനായി 11 ഏകദിനങ്ങളും 10 ട്വന്റി20 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്. ഏഷ്യാ കപ്പിലും ഹോങ്കോംഗിനായി താരം പോരാട്ടത്തിനിറങ്ങിയിരുന്നു.

ഓസ്‌ട്രേലിയയിലാണ് ജനിച്ചതെങ്കിലും ക്രിക്കറ്റര്‍ ആകണമെന്ന ആഗ്രഹത്തോടെ ക്രിസ്റ്റഫര്‍ കാര്‍ട്ടര്‍ ഹോങ്കോംഗിലെത്തുകയായിരുന്നു. ഇതിനിടെയാണ് പൈലറ്റാകണമെന്ന ആദ്യ സ്വപ്‌നത്തിനുപിന്നാലെ താരം പോകാനൊരുങ്ങുന്നത്. ഏഷ്യാ കപ്പില്‍ ഇന്ത്യയ്‌ക്കെതിരെയുള്ള ഏകദിനത്തിലാണ് കാര്‍ട്ടര്‍ അവസാനമായി കളിച്ചത്. കളിയില്‍ മൂന്നു റണ്‍സെടുത്ത താരം ഖലീല്‍ അഹമ്മദിന്റെ പന്തില്‍ പുറത്തായി.