ഉര്‍വ്വശിക്കൊപ്പം പുതിയ ലുക്കില്‍ ടൊവിനോ; ‘എന്റെ ഉമ്മാന്റെ പേര്’

തികച്ചും വിത്യസ്ത ലുക്കില്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്. ‘എന്റെ ഉമ്മാന്റെ പേര്’ എന്ന പുതിയ ചിത്രത്തിലാണ് താരം വിത്യസ്തതകളോടെ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുത്തുവിട്ടു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.

കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നല്ലൊരു കുടുംബചിത്രംകൂടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജോസ് സെബാസ്റ്റിയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തിരക്കഥയും ജോസ് സെബാസ്റ്റിയന്റേതു തന്നെയാണ്.

ടൊവിനോയ്‌ക്കൊപ്പം ഉര്‍വ്വശിയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. ഇതിനുപുറമെ, ശാന്തി കൃഷ്ണ, സിദ്ദിഖ്, ഹരീഷ് കണാരന്‍, മാമുക്കോയ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്.

ജോസ് സെബാസ്റ്റിയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. ഹമീദ് എന്ന മുസ്ലീം ചെറുപ്പക്കാരനായാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്.