‘ജീവാംശമായി…’ വയലിനില്‍ വായിച്ച് ഫായിസ് മുഹമ്മദ്; വേറിട്ടൊരു കവര്‍ വേര്‍ഷന്‍ കാണാം

October 16, 2018

അടുത്തിടെ മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഏറ്റുപാടിയ ഗാനമാണ് ‘തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ്…’ എന്നു തുടങ്ങുന്ന ഗാനം. നിരവധി കവര്‍ വേര്‍ഷനകളും ഗാനത്തിനിറങ്ങിയിട്ടുണ്ട്. വയലിനില്‍ ജീവാംശമായ് വായിക്കുന്ന ഫായിസ് മുഹമ്മദിന്റെ കവര്‍വേര്‍ഷനാണ് ഇക്കൂട്ടത്തില്‍ പുതിയത്.

ഫായിസ് മുഹമ്മദിന്റെ വയലിനില്‍ തീര്‍ത്ത കവര്‍ വേര്‍ഷന്‍ ഏറെ മികച്ചതാണെന്ന് ‘ജീവാംശമായ്…’ എന്ന ഗാനത്തിന്റെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ തന്നെ അഭിപ്രായപ്പെടുന്നുണ്ട്. മികച്ച പ്രേക്ഷകസ്വീകാര്യത നേടുന്നുണ്ട് ഫായിസ് മുഹമ്മദിന്റെ കവര്‍ വേര്‍ഷന്‍.

‘തീവണ്ടി’ റിലീസ് ആകുന്നതിനു മുമ്പേ ‘ജീവാംശമായ്…’ എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ഫെല്ലിനിയാണ് തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധാനം. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി. ടോവിനോ തോമസാണ് ബിനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെയിന്‍ സ്‌മോക്കറായ ടോവിനോ കഥാപാത്രത്തിന്റെ ഇരട്ടപ്പേരാണ് ‘തീവണ്ടി’ എന്നത്.