വിജയമാവർത്തിച്ച് പെൺപട; ഇന്ത്യ സെമിയില്‍

November 16, 2018

വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് വേള്‍ഡ് കപ്പില്‍ മൂന്നാം ജയം നേടി ഇന്ത്യൻ ചുണക്കുട്ടികൾ. മത്സരത്തിൽ അയർലാൻഡിനെ മുട്ടുകുത്തിച്ച ഇന്ത്യസെമിയിൽ കടന്നു. അയര്‍ലന്‍ഡിനെ 52 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ടോസ് നേടിയ അയർലാൻഡ് ബൗളിങ്ങാണ് തിരഞ്ഞെടുത്തത്. ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. മറുപടി ബാറ്റിങ് ആരംഭിച്ച അയര്‍ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍െടുക്കാനെ കഴിഞ്ഞുള്ളു.

51 റണ്‍സെടുത്ത മിതാലി രാജിന്റെ പ്രകടനമാണ് ഇന്ത്യയുടെ സ്കോര്‍ 140 കടത്തിയത്. അയര്‍ലന്‍ഡിനായി കിം ഗാര്‍ത്ത് രണ്ട് വിക്കറ്റെടുത്തു. സ്മൃതി മന്ഥാനയും മിതാലിയും നല്ല തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ജമീമ റോഡ്രിഗസ് (18), ഹര്‍മന്‍പ്രീത് കൗര്‍ (7), വേദ കൃഷ്ണമൂര്‍ത്തി (9), ദയാലന്‍ ഹേമലത (4)സ്കോകുകൾ വീതം നേടി.  ദീപ്തി ശര്‍മ (11), രാധ യാവദ് (1) എന്നിവര്‍ പുറത്താവാതെ നിന്നു. മത്സരത്തിൽ മിതാലിയാണ് മാന്‍ ഓഫ് ദ മാച്ച്.

കഴിഞ്ഞ മത്സരങ്ങളിൽ ന്യുസീലന്‍ഡിനെയും പാകിസ്ഥാനെയും ഇന്ത്യതകര്‍ത്തിരുന്നു. കഴിഞ്ഞ മത്സരത്തിൽ പാകിസ്ഥാനെയാണ് ഇന്ത്യൻ വനിതകൾ മുട്ടുകുത്തിച്ചത്. ഓപ്പണര്‍ മിതാലി തന്നെയായിരുന്നു കളിയിലെ താരം. ട്വന്റി20 വേള്‍ഡ്കപ്പിലെ ആദ്യ മത്സരത്തിലും ഇന്ത്യ വിജയം കണ്ടിരുന്നു. ന്യൂസ്ലന്‍ഡിനെതിരെ നടന്ന മത്സരത്തില്‍ 34 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.