ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് പിറന്നാൾ; ‘സൈറാ നരസിംഹ റെഡ്‌ഡി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ

November 18, 2018

ലേഡി സൂപ്പർസ്റ്റാറിന്റെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സൈറാ നരസിംഹ റെഡ്‌ഡി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിൽ സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ ചിരഞ്ജീവിയും ബിഗ്‌ബി അമിതാഭ് ബച്ചനും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രായൽസീമയിലെ സ്വാതന്ത്ര സമര സേനാനിയായ ഉയ്യാലവാട നരസിംഹ റെഡ്‌ഡി എന്ന കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ ഗുരുവിന്റെ വേഷത്തിലാണ് അമിതാഭ് ബച്ചൻ എത്തുന്നത്.

സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, ജഗപതി  ബാബു, കിച്ചാ സുദീപ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യും.