‘മാരി 2’; അടിപൊളിയായി സായി പല്ലവി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ധനുഷ്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് ടൊവിനോ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം മാരി 2. ചിത്രത്തിൽ നായികയായി എത്തുന്നത് സായി പല്ലവിയാണ്. സായി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. ‘അറാത് ആനന്ദി’ എന്നാണ് സായ് പല്ലവി അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം. ഓട്ടോ ഡ്രൈവറുടെ കാക്കി ഷര്‍ട്ട് അണിഞ്ഞുള്ളതാണ് പുറത്തെത്തിയിരിക്കുന്ന ഫസ്റ്റ് ലുക്ക്. ട്വിറ്ററിലൂടെ ധനുഷാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. തമിഴ് പ്രേക്ഷകര്‍ക്കൊപ്പം മലയാളി പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് ചിത്രത്തിലെത്തുന്നുണ്ട്.

മാരി 2′ ഡിസംബര്‍ 21 ന് തീയറ്ററുകളിലെത്തും. ചിത്രത്തില്‍ ധനുഷിന്റെ വില്ലനാണ് ടൊവിനോ. 2015 ല്‍ പുറത്തിറങ്ങിയ ധനുഷ് നായകനായ മാരി എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബാലാജി മോഹനാണ് ചിത്രത്തിന്റെ സംവിധാനം. മാരി 2 ന്റെ തിരക്കഥയും ബാലാജി മോഹന്‍ തന്നെയാണ്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം. ധനുഷിനായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം യുവാന്‍ ശങ്കര്‍ സംഗീതം ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


വരലക്ഷ്മി ശരത് കുമാര്‍, റോബോ ശങ്കര്‍, വിദ്യാ പ്രദീപ്, നിഷ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴില്‍ സ്‌റ്റൈല്‍ എന്ന ചിത്രത്തിലാണ് ടൊവിനോ അവസാനമായി വില്ലന്‍ വേഷത്തിലെത്തിയത്. മാരി 2 വിലേത് ടൊവിനോയുടെ രണ്ടാം വില്ലന്‍ വേഷമാണ്. ഗായകനായ വിജയ് യേശുദാസായിരുന്നു മാരിയുടെ ആദ്യഭാഗത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നുണ്ട് മാരി 2 വില്‍.