പ്രതീക്ഷിക്കാതെ റണ്‍ഔട്ട്; സ്വയം ട്രോളി ഗൗതം ഗംഭീര്‍

November 16, 2018

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന്റെ സ്വയം ട്രോള്‍. രഞ്ജി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ നടന്ന മത്സരത്തില്‍ അപ്രതീക്ഷിതമായി റണ്‍ഔട്ട് ആകുകയായിരുന്നു ഗംഭീര്‍. ക്രീസിലെ അശ്രദ്ധയാണ് തനിക്ക് വിനയായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍. അതും ഒരു ഗംഭീര ട്രോളിലൂടെ.

ഇരുപതാമത് ഓവറില്‍ 44 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു ഗംഭീറിന്റെ അപ്രതീക്ഷിത പുറത്താകല്‍. മക്കളായ അനൈസയും ആസിനും പരസ്പരം നടത്തുന്ന ഒരു സംഭാഷണത്തിന്റെ രൂപത്തിലാണ് ഗംഭീര്‍ ഗംഭീര ട്രോള്‍ ഉണ്ടാക്കിയത്. ‘ചേച്ചി പപ്പ എങ്ങനെയാണ് ശിശുദിനം ആഘോഷിക്കുക’ എന്ന് അനൈസ ആസിനോട് ചോദിക്കുന്നു. ആസിന്റെ മറുപടിയാണ് രസകരം. കുട്ടിയെപ്പോലെ രഞ്ജി ട്രോഫിയില്‍ റൗണ്‍ ഔട്ടിലൂടെ പുറത്തായെന്നായിരുന്നു മറുപടി. മക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം ഇങ്ങനെ കുറിച്ചുകൊണ്ടാണ് ഗംഭീര്‍ സ്വയം ട്രോളിയത്.

അപ്രതീക്ഷിതമായി റണ്‍ഔട്ടായപ്പോള്‍ അമ്പയറിനോട് കയര്‍ക്കുന്ന ഗംഭീറിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് ഗംഭീറിന്റെ ഈ തകര്‍പ്പന്‍ സ്വയം ട്രോള്‍.