സമ്പൂര്‍ണ്ണ വിജയത്തോടെ പരമ്പര നേടാന്‍ ഇന്ത്യ ഇന്നിറങ്ങും

November 11, 2018

വെസ്റ്റ്ഇന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയുടെ അവസാന മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ വിജയം കണ്ടു. ഇതോടെ ഒരു മത്സരം ബാക്കി നില്‍ക്കെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

ഇന്ത്യന്‍ നിരയില്‍ ബൗളര്‍മാരായ ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ ഇന്ന് പോരാട്ടത്തിനിറങ്ങില്ല. എന്നാല്‍ പേസര്‍ സിദ്ധാര്‍ത്ഥ് കൗള്‍ ഇന്നത്തെ മത്സരത്തിനുള്ള ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ചെന്നെയില്‍ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം. സമ്പൂര്‍ണ്ണ വിജയത്തോടെ പരമ്പര നേടാനാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ വിന്‍ഡീസ്‌ന് ഇത് അഭിമാനപോരാട്ടവും. അതുകൊണ്ട് തന്നെ ഏറെ കൗതുകമുള്ള മത്സരമാണ് ഇന്നത്തേത്.

വെസ്റ്റ്ഇന്‍ഡീഡീസിനെതിരെയുള്ള ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ്് രോഹിത് ശര്‍മ്മ കാഴ്ചവെച്ചത്. അറുപത്തിയൊന്ന് പന്തുകളില്‍ നിന്നുമായി 111 റണ്‍സ് അടിച്ചെടുത്തിരുന്നു താരം. ഇതില്‍ എട്ട് ബൗണ്ടറിയും ഏഴ് സിക്‌സും ഉള്‍പ്പെടും. രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ ഇരുപത് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് 20 ഓവറില്‍ 124 റണ്‍സ് എടുത്ത് പുറത്തായി. ബൗളിങിലും ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

തകര്‍പ്പന്‍ റണ്‍സ് അടിച്ചെടുത്തതോടെ ചില റെക്കോര്‍ഡുകളും രോഹിത് ശര്‍മ്മ സൃഷ്ടിച്ചു. ട്വന്റി20 പരമ്പരയില്‍ ഇന്ത്യയ്ക്കായി ഏറ്റവും അധികം റണ്‍സ് നേടിയ താരം എന്ന ബഹുമതിയും ഇനിമുതല്‍ രോഹിത് ശര്‍മ്മയ്ക്ക് സ്വന്തം. അന്താരാഷ്ട്ര ട്വന്റി20യില്‍ നാല് സെഞ്ചുറി നേടുന്ന ആദ്യ താരവും രോഹിത് തന്നെ.