വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കാൻ വീണ്ടും ഇന്ദ്രൻസ്; ട്രെയ്‌ലർ പങ്കുവെച്ച് ടൊവിനോ

November 8, 2018

മലയാളികളുടെ ഇഷ്ടനായകൻ ഇന്ദ്രൻസ് നായകനായി എത്തുന്ന പുതിയ ഹ്രസ്വ ചിത്രം കെന്നി പുറത്തിറങ്ങി. ഇമ്മാനുവല്‍ ഫെര്‍ണാണ്ടസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കെന്നി’ ഒരു സയന്‍സ് ഫിക്ഷന്‍ ഫാന്റസി ത്രില്ലര്‍ ചിത്രമാണ്. പുതിയ രൂപത്തിലും വേഷത്തിലും ഇന്ദ്രൻസ് എത്തുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ട്രെയ്‌ലറില്‍ ഇന്ദ്രന്‍സ് എത്തുന്നത്.

ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. ചിത്രത്തിൽ ഇന്ദ്രന്‍സിനൊപ്പം ആകാശ് ശീല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇമ്മാനുവല്‍ ആര്‍ട് ഫാക്ടറിയുടെ ബാനറില്‍ നയന ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അച്ചു കൃഷ്ണയാണ്. ധീരജ് സുകുമാരനാണ് പശ്ചാത്തല സംഗീതം.