‘പവിയേട്ടന്റെ മധുരച്ചൂരലു’മായി ശ്രീനിവാസന്‍; ടീസര്‍ കാണാം

മലയാളികളുടെ പ്രിയതാരം ശ്രീനിവാസന്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രമാണ് ‘പവിയേട്ടന്റെ മധുര ചൂരല്‍’. ശ്രീനിവാസന്‍ തന്നെയാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ശ്രീനിവാസന്‍ വെള്ളിത്തിരയില്‍ തിളങ്ങിയ വിവിധ സിനിമകളുടെ അകമ്പടിയോടുകൂടിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ശ്രീനിവാസന്റെ നായികയായി എത്തുന്നത് ലെനയാണ്.

ചിത്രത്തിലെ ഒരു ഗാനവും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ‘അനുരാഗ നീല…’ എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ചിത്രയാണ് ആലാപനം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സി രഘുനാഥാണ് സംഗീതം നല്‍കിയിരിക്കുന്നത്.

‘അരവിന്ദന്റെ അതിഥികള്‍’ക്ക് ശേഷം ശ്രീനിവാസന്‍ നായകനായെത്തുന്ന ചിത്രമാണ് ‘പവിയേട്ടന്റെ മധുരചൂരല്‍‘. ശ്രീകൃഷ്ണന്‍ ആണ് സംവിധാനം. വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, ലിഷോയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സന്ദേശം, കഥപറയുമ്പോള്‍, വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നി സിനിമകളോട് ചേര്‍ത്തുവയ്ക്കാവുന്ന ചിത്രമായിരിക്കും പവിയേട്ടന്റെ മധുര ചൂരലെന്നും സൂചനകളുണ്ട്.

‘പവിയേട്ടന്റെ മധുരചൂരലി’ന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. വി സി സുധന്‍, സി വിജയന്‍, സുധീര്‍ സി നമ്പ്യാര്‍ എന്നിവര്‍ ചേര്‍ന്ന നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമാണ്. എം ജി ശ്രീകുമാര്‍, വിജയ് യേശുദാസ്, വൃന്ദ മോഹന്‍ എന്നിവരും ചിത്രത്തില്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.