‘ഒരു കുപ്രസിദ്ധ പയ്യനും’ ‘വള്ളിക്കുടിലിലെ വെള്ളക്കാരനും’ തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ‘ഒരു കുപ്രസിദ്ധ പയ്യനും’ ‘വള്ളിക്കുടിലിലെ വെള്ളക്കാരനും’. ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലെത്തും.

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഒരു കുപ്രസിദ്ധ പയ്യന്‍’. മധുപാലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. നിറയെ സസ്‌പെന്‍സുകള്‍ ഒളിപ്പിച്ചാണ് ട്രെയിലര്‍ പുറത്തുവിട്ടത്. അതുകൊണ്ടുതന്നെ ചിത്രം ഒരു സസ്‌പെന്‍സ് ത്രില്ലറായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അനു സിത്താരയാണ് ചിത്രത്തില്‍ പ്രധാന നായികാ കഥാപാത്ത്രെ അവതരിപ്പിക്കുന്നത്. വക്കീല്‍ കഥാപാത്രങ്ങളായി നെടുമുടി വേണുവും നിമിഷ സജയനും ചിത്രത്തിലെത്തുന്നുണ്ട്.

ജീവന്‍ ജോബ് തോമസാണ് ചിത്രത്തിനുവേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രത്തിനുവേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പിയുടേതാണ് വരികള്‍.

‘വിനോദയാത്ര’ എന്ന ചിത്രത്തിലെ പാലും പഴവും കൈകളിലേന്തി എന്ന പാട്ടുംപാടി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ ഗണപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘വള്ളിക്കുടിലിലെ വെള്ളക്കാരന്‍’. ഡഗ്ലസ്സ് ആല്‍ഫ്രഡ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കികൊണ്ട് ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു ഫുള്‍ ടൈം കോമഡി എന്റെര്‍റ്റൈനെര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണ്. ‘വള്ളിക്കുടിലിലെ വെള്ളക്കാരന്‍’ മികച്ച ഒരു കുടുംബ ചിത്രം കൂടിയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മുത്തുമണിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. യുവതലമുറയുടെ ആഗ്രഹങ്ങളും അഭിലാഷങ്ങളും കുടുംബത്തിലും സമൂഹത്തിലുമുണ്ടാക്കുന്ന മാറ്റങ്ങളാണ് സിനിമ പറയുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും ടീസറുമെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

ലാല്‍, ബാലു വര്‍ഗീസ്, അജു വര്‍ഗീസ്, രാഹുല്‍ മാധവ്, രഞ്ജി പണിക്കര്‍, വിഷ്ണു ഗോവിന്ദ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജോസ് ജോണ്‍, ജിജോ ജസ്റ്റിന്‍, ഡഗ്ലസ്സ് ആല്‍ഫ്രഡ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് നവിസ് സേവ്യര്‍, സിജു മാത്യു, സജ്ഞിത എസ് കാന്ത് എന്നിവരാണ്. ദീപക് ദേവ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.