സ്‌കൂള്‍ ഓര്‍മ്മകള്‍ തൊട്ടുണര്‍ത്തി ഒരു സുന്ദരഗാനം; വീഡിയോ

January 29, 2019

സ്‌കൂള്‍ജീവിതം എന്നും മനോഹരമായ ഒരു ഓര്‍മ്മയാണ്. ഈ ഓര്‍മ്മയ്ക്ക് മധുരം പകര്‍ന്നുകൊണ്ട് ഒരു സുന്ദരഗാനം എത്തിയിരിക്കുന്നു. ‘സ്വര്‍ണമത്സ്യങ്ങള്‍’ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ടെലിവിഷനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ജിഎസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്വര്‍ണമത്സ്യങ്ങള്‍’.

ചിത്രത്തിലെ ‘കാറ്റില്‍ പാറും…’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ആലാപനം. എംസി ലിനീഷിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നാട്ടിന്‍പുറവും സ്‌കൂളുമൊക്കെയാണ് ഗാനത്തിന് പശ്ചാത്തലമാകുന്നത്. ഒരുകൂട്ടം വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ജീവിതത്തിലെ മധുരസുന്ദര നിമിഷങ്ങളാണ് ഗാനത്തിന്റെ പ്രമേയം.

കൂടുതലും പുതുമുഖതാരങ്ങളെ അണിനിരത്തിയാണ് ‘സ്വര്‍ണമത്സ്യങ്ങള്‍’ ഒരുക്കുന്നത്. സിദ്ദിഖ്, ഹരീഷ് കണാരന്‍, സുധീര്‍ കരമന തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.