‘വിശ്വാസ’ത്തിനായി ഗേറ്റ് ചാടിക്കടന്ന് ആരാധകർ; വൈറൽ വീഡിയോ കാണാം..

January 8, 2019

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് തല. തലയുടെ വിശ്വാസത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ജനുവരി പത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ആദ്യ ദിനം തന്നെ സിനിമ കാണാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ആദ്യ ദിവസത്തെ ടിക്കറ്റ് സ്വന്തമാക്കാൻ തമിഴകത്ത് വൻ തിരക്കാണ്.

ശിവയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശിവ- അജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലമത്തെ ചിത്രമാണ് ‘വിശ്വാസം’. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘വീരം’, ‘വേഗം’, ‘വേതാളം’ എന്നീ ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇരുവരുടെയും പുതിയ ചിത്രത്തിനായ് ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

‘വിശ്വാസം’ എന്ന ചിത്രത്തില്‍ അജിത്തിന്റെ നായിക നയന്‍ താരയാണ്. ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പേപ്പര്‍ ലുക്കിലും അല്ലാതെയും അജിത് എത്തുന്നുണ്ട്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്.

നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്.