ചെമ്പന്‍ വിനോദും ജോജു ജോര്‍ജും ഒരുമിച്ചെത്തുന്നു; ‘പൊറിഞ്ചുമറിയംജോസ്’-ല്‍

അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ നടന്മാരാണ് ചെമ്പന്‍ വിനോദും ജോജു ജോര്‍ജും. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ചലച്ചിത്രലോകത്തെ പ്രധാന വിശേഷം. ‘പൊറിഞ്ചുമറിയംജോസ്’ എന്നാണ് ചിത്രത്തിന്റെ പേര്.

പേരില്‍തന്നെ ഒരല്പം കൗതുകം ഒളിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നൈല ഉഷയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്.
അഭിലാഷ് എന്‍ ചന്ദ്രനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജോസഫ് എന്ന ചിത്രത്തിനുശേഷം ജോജു നായകനായി എത്തുന്ന ചിത്രമാണ് പൊറിഞ്ചുമറിയംജോസഫ്. റിലീസിങിനൊരുങ്ങുന്ന ലൂസിഫറിലാണ് നൈല ഉഷ അവസാനമായി അഭിനയിച്ചത്. ലിജോ ജോസ് പെല്ലിശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രമാണ് ചെമ്പന്‍ വിനോദിന്റെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം.