‘ഒരു യമണ്ടന്‍ പ്രേമകഥ’യുമായ് ദുല്‍ഖര്‍; ഏപ്രിലില്‍ ചിത്രം തീയറ്ററുകളിലേക്ക്

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ബി സി നൗഫല്‍ ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്ന ചിത്രത്തെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഏപ്രില്‍ 25ന് ഒരു യമണ്ടന്‍ പ്രേമകഥ തീയറ്ററുകളിലെത്തും.

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തിരക്കേറിയ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. ദുല്‍ഖറിനൊപ്പം സലീം കുമാര്‍!, ധര്‍മജന്‍ ബോള്‍ഗാട്ടി,സൗബിന്‍ സാഹിര്‍, രമേശ് പിഷാരടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Read more: ഉശിരത്തി പെണ്ണായി അപര്‍ണ്ണ; ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി’യിലെ വീഡിയോ ഗാനം

നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. ഹാസ്യം പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നതും. കൊച്ചി കേന്ദ്രമാക്കിയാണ് ഒരു യമണ്ടന്‍ പ്രേമകഥയിലെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം.

2017 ഒക്ടോബര്‍ 5 ന് പുറത്തിറങ്ങിയ സോളോ ആണ് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തിയ അവസാന ചിത്രം. ബിജോയ് നമ്പ്യാരാണ് സോളോയുടെ സംവിധായകന്‍. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. ആന്റോ ജോസഫാണ് ചിത്രത്തിന്റെ നിര്‍മ്മാണം.