‘അസുഖ കിടക്കയില്‍ നിന്ന് ഇറങ്ങിവന്ന് എഴുതുന്ന തിരക്കഥ എപ്പോഴും ഹിറ്റ് ആവാറുണ്ട്, അതുകൊണ്ട് അടുത്ത തിരക്കഥ ആലോചിച്ചോളൂ’; ശ്രീനിവാസനെ കാണാൻ ആശുപത്രിയിൽ പോയതിനെക്കുറിച്ച് സത്യൻ അന്തിക്കാട്…

February 2, 2019

അടുത്തിടെ മലയാളികളെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ ഹോസ്പിറ്റലിൽ ആക്കിയെന്നുള്ളത്. ഒരു ദിവസം വെന്റിലേറ്ററിൽ കിടത്തിയ താരം ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. എന്നാൽ താരത്തെ കാണാൻ ആശുപത്രിയിൽ പോയ അനുഭവം വ്യക്തമാക്കിയിരിക്കുകയാണ് സത്യൻ അന്തിക്കാട്.

തിരുവനന്തപുരത്ത് നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കവെയാണ് സത്യന്‍ അന്തിക്കാട് അടുത്ത സുഹൃത്ത് കൂടിയായ ശ്രീനിവാസന്റെ അനാരോഗ്യത്തെക്കുറിച്ചും പറഞ്ഞത്.

ആശുപത്രിയിൽ പോയ ഞാൻ ശ്രീനിയോട് ആവശ്യപ്പെട്ടത് പുതിയ തിരക്കഥ ആലോചിക്കാനാണ്.. ‘ഞാന്‍ ശ്രീനിയോട് പറഞ്ഞു, നിങ്ങള്‍ അസുഖ കിടക്കയില്‍ നിന്ന് ഇറങ്ങിവന്ന് ആദ്യം എഴുതുന്ന തിരക്കഥ എപ്പോഴും ഹിറ്റ് ആവാറുണ്ട്. ഞാന്‍ പ്രകാശന്റെ തിരക്കഥ എഴുതുന്നതിന് തൊട്ടുമുന്‍പും ഇതുപോലെ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. അതുകൊണ്ട് ഉടന്‍ തന്നെ അടുത്ത സിനിമയ്ക്കുള്ള തിരക്കഥ ആലോചിക്കെന്ന്.’ താനും അതുതന്നെയാണ് ആലോചിക്കുന്നതെന്ന് ശ്രീനിവാസന്‍ മറുപടി നല്‍കിയതായും സത്യന്‍ അന്തിക്കാട് പറഞ്ഞു.

മലയാള സിനിമയ്ക്ക് മികച്ച സംഭാവനകൾ നൽകിയ കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട് ശ്രീനിവാസൻ എന്നിവരുടേത്. ഇരുവരും ഒന്നിച്ച അവസാന ചിത്രം ഞാൻ പ്രകാശൻ സൂപ്പർ ഹിറ്റായിരുന്നു.