ഊർജ്വസ്വലനായി ലാലേട്ടൻ; വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാൽ

March 25, 2019

കഥാപാത്രത്തിന് വേണ്ടി എത്രമാത്രം കഷ്ടപെടാനും മടിയില്ലാത്ത താരമാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ. മോഹൻലാലിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ വർക്ക് ഔട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവെച്ചത്. ഇതോടെ ലാലേട്ടന്റെ അർപ്പണബോധത്തെ അഭിനന്ദിച്ച് നിരവധി ആരാധകരും രംഗത്തെത്തി.


അതേസമയം മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫർ. ചിത്രീകരണം പൂർത്തിയായ ചിത്രം ഈ മാസം അവസാനത്തോടെ തിയേറ്ററുകളിൽ എത്തും. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം മഞ്ജു വാര്യരും ടൊവിനോ തോമസ്, ഇന്ദ്രജിത്ത് തുടങ്ങി വൻ താരനിരകൾ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. ആന്റണി പെരുമ്പാവൂർ നിർമ്മാണം പൂർത്തിയാക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

അതേസമയം മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ് മോഹൻലാലിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന മറ്റൊരു ചിത്രം. പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ചിത്രീകരണം അവസാനിച്ചിരിക്കുകയാണ്. ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പം അവതരിപ്പിക്കാൻ പ്രണവ് മോഹൻലാൽ എത്തുന്നത് പ്രേക്ഷകരിൽ ആകാംഷ കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്.

Read also: പൃഥ്വിയുടെ നെറ്റി ചുളിപ്പിച്ച് മേഘ; പൊട്ടിച്ചിരിച്ച് ആരാധകർ, രസകരമായ വീഡിയോ കാണാം..

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

അതോടൊപ്പം മോഹൻലാൽ നായകനായി എത്തുന്ന കാപ്പാനും അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്.