‘മധുരരാജ’യില്‍ ചിരി നിറയ്ക്കാന്‍ അജു വര്‍ഗീസും

March 18, 2019

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ മമ്മൂട്ടി പൃത്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘പോക്കിരാജ’യക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ‘മധുരരാജ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളും അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തിക്കൊണ്ടാണ് ചിത്രത്തിലെ ഓരോ കാരക്ടര്‍ പോസ്റ്ററുകളും പുറത്തെത്തുന്നത്. തീയറ്ററുകളിലെത്തും മുമ്പേ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യമാവുകയാണ് മധുരരാജ. ചിത്രത്തിന്റെ ടീസര്‍ ഈ മാസം 22 ന് ആരാധകര്‍ക്കായി പങ്കുവെയ്ക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം. വൈശാഖാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന്‍ ജയ യും ചിത്രത്തിലെത്തുന്നുണ്ട്. ‘മധുരരാജ’യില്‍ ഒരു മുഴുനീള കഥാപാത്രമായാണ് ജയ് എത്തുന്നത്. എന്നാല്‍ പൃത്വിരാജ് ചിത്രത്തിലില്ല. ‘മധുരരാജ’ വിഷു റിലീസ് ആയി തീയറ്ററുകളിലെത്തും.

ചിത്രത്തില്‍ നര്‍മ്മ മുഹൂര്‍ത്തങ്ങളുടെ മാറ്റു കൂട്ടാന്‍ അജു വര്‍ഗീസും എത്തുന്നുണ്ട്. സുരു എന്ന കഥാപാത്രത്തെയാണ് അജു വര്‍ഗീസ് അവതരിപ്പിക്കുന്നത്. സുരുവിന്റെ കാരക്ടര്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ദ് ഓണര്‍ ഓഫ് സായിപ്പ്’ എന്നാണ് സുരുവിനെ വിശേഷിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷമാണ് ‘പോക്കിരിരാജ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറായിരിക്കും ‘മധുരരാജ’. നര്‍മ്മവും പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടായിരുന്നു പോക്കിരിരാജ തീയറ്ററുകളിലെത്തിയത്. മധുരരാജയും ഇത്തരത്തിലൊരു ദൃശ്യവിരുന്നാണ് സമ്മാനിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Read more:‘ലൂസിഫര്‍’; സുകുമാരന്റെ ആഗ്രഹത്തിന് പൂര്‍ത്തീകരണം: വൈറലായ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്

‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വൈശാഖ് മമ്മൂട്ടി കൂട്ടുകെട്ടില്‍ പുതിയ സിനിമ വരുന്നത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘മധുരരാജ’. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമാണിത് എന്നാണ് പുറത്തുവരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അനുശ്രീക്ക് പുറമെ ഷംന കാസിം, അന്ന രേഷ്മ, മഹിമ നമ്പ്യാര്‍ എന്നിങ്ങനെ നാല് നായികമാരും ചിത്രത്തിലെത്തുന്നുണ്ട്. ജഗപതി ബാബു വില്ലനായും ചിത്രത്തിലെത്തുന്നു. നെടുമുടി വേണു, ആര്‍.കെ സുരേഷ്, വിജയരാഘവന്‍, സലീം കുമാര്‍, മണിക്കുട്ടന്‍, നോബി, ധര്‍മ്മജന്‍, ബിജുകുട്ടന്‍, സിദ്ധിഖ് തുടങ്ങി നിരവധി താരനിരകള്‍ ‘മധുരരാജ’യില്‍ അണിനിരക്കുന്നുണ്ട്.