‘ലൂസിഫറി’നെക്കുറിച്ചുള്ള കള്ളപ്രചരണങ്ങള്‍ അവസാനിപ്പിക്കൂവെന്ന് മോഹന്‍ലാല്‍

March 2, 2019

പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ലൂസിഫര്‍’. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആകാംഷയോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നതും. ലയാളികളുടെ പ്രീയതാരം പൃത്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അടുത്തിടെ ചിത്രക്കുറിച്ച് നിരവധിയായ കള്ളപ്രചരണങ്ങള്‍ വ്യാപകമായിരുന്നു. ചിത്രത്തിലെ ഒരു രംഗം എന്നു തോന്നുവിധമുള്ള ചില തിരക്കഥാ ഭാഗങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍. ഔദ്യോഗിക ഫെയ്‌സ്ബുക്കിലൂടെയാണ് ചിത്രത്തെക്കുറിച്ചുള്ള തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് മോഹന്‍ലാല്‍ കുറിച്ചത്

ഒരു ഫെയ്‌സ്ബുക്ക് ഗോരൂപ്പില്‍ പ്രചരിച്ച ലൂസിഫറിനെക്കുറിച്ചുള്ള തെറ്റായ പ്രചരണത്തിന്റെ സ്‌ക്രീന്‍ഷോട്ടും താരം പങ്കുവെച്ചിരുന്നു. ‘ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങള്‍’ എന്ന ക്യാപ്ഷനോടുകൂടിയാണ് മോഹന്‍ലാല്‍ സ്‌ക്രീന്‍ഷോട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഒപ്പം #StopLuciferRumours എന്നൊരു ഹാഷ്ടാഗും താരം ചേര്‍ത്തിരുന്നു.

അതേസമയം സാമൂഹ്യമാധ്യമങ്ങളിലൂടെ ലൂസിഫറിന്റെ പ്രൊമോഷന്‍ പുരോഗമിക്കുകയാണ്. പ്രൊമോഷന്റെ ഭാഗമായി കുറച്ചുദിവസങ്ങള്‍ക്കുമുമ്പാണ് 26 ദിവസങ്ങള്‍ക്കൊണ്ട് വിത്യസ്ത പോസ്റ്ററുകള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കുമെന്ന വിവരം ലൂസിഫര്‍ ടീം വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് ഓരോ ദിവസവും വിത്യസ്തമായ കാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പങ്കുവെയ്ക്കുന്നുണ്ട്. തീവ്രനോട്ടം കൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്ററുകളും ശ്രദ്ധിക്കപ്പെടുന്നുണ്ട്. സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. തീവ്രമായ കഥാപാത്രമാണ് മോഹന്‍ലാലിന്റേത് എന്ന വ്യക്തമാക്കുന്ന തരത്തിലുള്ളതാണ് കാരക്ടര്‍ പോസ്റ്ററുകള്‍.

Read more:പ്രഭുദേവയ്ക്കു മുമ്പില്‍ അനുസരണയോടെ ധനുഷും സായി പല്ലവിയും; റൗഡി ബേബിയുെട മെയ്ക്കിങ് വീഡിയോ

മലയാളത്തിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കുന്ന ചിത്രം ‘ലൂസിഫര്‍’ എന്ന പേരില്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ. ബോളിവുഡ് താരം വിവേക് ഒബ്‌റോയി വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍. മഞ്ജുവാര്യരാണ് ലൂസിഫറിലെ നായിക.

ഇന്ദ്രജിത്തും ടൊവിനോയും ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.