സ്റ്റൈൽ മന്നൻ രജനികാന്തിനൊപ്പം ലേഡീ സൂപ്പർസ്റ്റാർ; ദർബാറിന്റെ ഫസ്റ്റ് ലുക്ക് കാണാം..

April 9, 2019

വെള്ളിത്തിരയിൽ വിസ്‌മയം സൃഷ്ടിക്കാൻ സ്റ്റൈൽ മന്നൻ രജനീകാന്തും ലേഡീ സൂപ്പർസ്റ്റാർ നയൻതാരയും വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ചലച്ചിത്ര ലോകം ഏറെ ആകാംക്ഷയിലാണ്. ദർബാർ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.


നയൻതാരയുടെ സിനിമ ജീവിതത്തിന്റെ ആദ്യ കാലഘട്ടത്തിൽ സ്റ്റൈൽ മന്നനൊപ്പം ‘ചന്ദ്രമുഖി’ എന്ന ചിത്രം ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം എ.ആർ മുരുകദോസ് ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. വിജയ്‌യെ നായകനാക്കി ഒരുക്കിയ സർക്കാരിന് ശേഷം മുരുകദോസ് ഒരുക്കുന്ന പുതിയ ചിത്രം കൂടിയാണിത്.

ചിത്രം ഒരു പൊളിറ്റിക്കൽ ചിത്രമായിരിക്കുമെന്നാണ് സൂചന. പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അറിയുന്നത്. തമിഴകത്തിന്റ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം നയൻസ് കൂടി  എത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.

സന്തോഷ് ശിവനാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. 28 വർഷങ്ങൾക്ക് ശേഷം രജനീകാന്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നതിന്റെ സന്തോഷം നേരത്തെ സന്തോഷ് ശിവൻ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് രജനികാന്ത് ചിത്രം ദളപതിയിലൂടെയാണ് ഇരുവരും ഒന്നിച്ചത്.

അതേസമയം നയൻതാര അഭിനയിക്കുന്ന ഹൊറര്‍ ചിത്രമാണ് സർജുൻ കെ എം സംവിധാനം ചെയ്യുന്ന ഐറ. ഈ ചിത്രത്തിൽ നയൻസ് ഇരട്ട വേഷത്തിലാണ് എത്തുന്നത്. നയൻസ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ഐറയ്ക്കാണ്. സുദര്‍ശന്‍ ശ്രീനിവാസന്‍, സുന്ദരമൂര്‍ത്തി കെ.എസ്, പ്രിയങ്ക, യോഗി ബാബു എന്നിവരാണ് ചിത്രത്തില്‍ നയന്‍താരയോടൊപ്പം അഭിനയിക്കുന്നത്.

ശിവകാര്‍ത്തികേയനെ നായകനാക്കി രാജേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയൻതാരയാണ് നായിക. ചിരഞ്ജീവി നായകനാകുന്ന തെലുങ്ക് ചിത്രം ‘സായ് റാ നരസിംഹ റെഡ്ഡിയിലും’ നായികയായി എത്തുന്നത് നയൻസാണ്.