‘മുട്ട’ കഴിച്ചോളൂ പക്ഷെ…

April 26, 2019

ഒരു ഓംലെറ്റ്… ഒരു മുട്ടപപ്പ്സ്, ഒരു മുട്ടക്കറി, പുഴുങ്ങിയ മുട്ട ഒരെണ്ണം… തുടങ്ങി മിക്കവരുടെയും ദിവസം ആരംഭിക്കുന്നതും, ചിലരുടെ ദിവസം അവസാനിക്കുന്നതും വരെ മുട്ടയിലാണ്. ഏറ്റവും സുലഭമായി ചെറിയ വിലയിൽ മാർക്കറ്റുകളിലും ബേക്കറികളിലും ലഭ്യമാകുന്നതു കൊണ്ടുമാത്രമല്ല മുട്ട ഭക്ഷണ പ്രേമികൾക്ക് പ്രിയപ്പെട്ടതാവുന്നത്. മുട്ടയിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ കൊണ്ടുകൂടിയാണ്. എന്നാൽ ഇന്ന് എല്ലായിടത്തും സുലഭമാകുന്ന മുട്ടയുടെ ഗുണനിലവാരം ഇന്ന് പലയിടത്തും ചർച്ചയാകാറുണ്ട്.

അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റുമായി മോശമായ മുട്ടകൾ ധാരാളമായി കേരളത്തിലേക്ക് കയറ്റി അയക്കുന്നതായും ഇത്തരത്തിൽ എത്തുന്ന മുട്ടകൾ ബേക്കറികളിലേക്കും മറ്റും എത്തിച്ച് അവ ഭക്ഷണങ്ങളിൽ ചേർക്കപെടുന്നുവെന്നുമുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. വൃക്ക, കരൾ, തൈറോയിഡ്‌ ഗ്രന്ഥി എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിലുള്ള ഫിപ്രോനിൽ എന്ന കീടനാശിനിയുടെ അംശം ചിലയിടങ്ങളിൽ മുട്ടയിൽ കണ്ടെത്തിയെന്ന തരത്തിലുള്ള വാർത്തകളും നേരെത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്..

Read also: പച്ചക്കറിയിലെ വിഷം നീക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

ആരോഗ്യത്തിനും സൗന്ദ്യര്യത്തിനും ഒരുപോലെ ഗുണംചെയ്യുന്ന മുട്ട മുടിയ്ക്കും ഏറ്റവും ബെസ്റ്റാണ്. ദിവസവും ഓരോ മുട്ട വീതം കഴിച്ചാൽ പക്ഷപാതം, വിളർച്ച പോലുള്ള അസുഖങ്ങൾ തടയാൻ സാധിക്കും. എന്നാൽ പലരും കരുതുന്നതുപോലെ മുട്ട കഴിച്ചാൽ കൊളസ്‌ട്രോൾ വർധിക്കില്ല. അതുപോലെ അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുവാനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത്‌ വഴി അവരുടെ കുഞ്ഞിന്റെ ആരോഗ്യം വര്‍ധിക്കും. ദിവസവും മുട്ട കഴിക്കുന്നതു കാഴ്ച വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു..ഇങ്ങനെ എണ്ണിയാൽ അവസാനിക്കില്ല മുട്ടയിലെ ഗുണങ്ങൾ…