പ്രണയവും വിരഹവും പറഞ്ഞ് ’99’ ലെ പുതിയ ഗാനം; വീഡിയോ

April 30, 2019

റാമിനെയും ജാനുവിനേയും ഓര്‍മ്മയില്ലേ… എങ്ങനെ മറക്കാനാകും അല്ലേ… അത്രമേല്‍ ആഴത്തില്‍ പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടാന്‍ വെള്ളിത്തിരയിലെ ഈ പ്രണയ ജോഡികള്‍ക്ക് കഴിഞ്ഞിരുന്നല്ലോ. ’96’ എന്ന ചിത്രത്തിലെ റാമിനും ജാനുവിനും ആരാധകര്‍ ഏറെയാണ്. ചിത്രത്തിന് റീമേക്ക് വരുന്നു എന്ന വാര്‍ത്തയും ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ’99’ എന്നാണ് ചിത്രത്തിന്റെ കന്നട റീമേക്കിന്റെ പേര്. മലയാള സിനിമാ ആസ്വാദകര്‍ക്ക് ഒന്നുകൂടിയുണ്ട് ’99’ എന്ന സിനിമയെക്കുറിച്ച് അഭിമാനിക്കാന്‍. മലയാളികളുടെ പ്രയ താരം ഭാവനയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ’99’ ലെ പുതിയ വീഡിയോ ഗാനം. ’96’- ലെ ‘കാതലെ… കാതലെ…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ കന്നട പതിപ്പാണ് ‘ആഗിദേ…ആഗിദേ… ‘എന്നു തുടങ്ങുന്ന ഗാനം. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിക്കുന്നതും. തമിഴില്‍ ഗോവിന്ദ് വസന്ത സംഗീതം ഒരുക്കിയപ്പോള്‍ അര്‍ജുന്‍ ജന്യയാണ് കന്നട പതിപ്പിന് സംഗീതം ഒരുക്കിയിരിക്കുന്നത്. അതേസമയം ഒരിടവേളയ്ക്ക് ശേഷം ഭാവന മടങ്ങിയെത്തുന്നു എന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്.

Read more:‘സുന്ദരി കണ്ണാളൊരു…’; നിത്യഹരിത പ്രണയ ഗാനത്തിന് വയലിന്‍ സംഗീതമൊരുക്കി ഗോവിന്ദ് വസന്ത; വീഡിയോ

ചിത്രത്തില്‍ ജാനുവായി ഭാവന എത്തുമ്പോള്‍ വിജയ് സേതുപതി അവിസ്മരണീയമാക്കിയ റാം എന്ന കഥാപാത്രത്തെ കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ എന്ന് വിശേഷിക്കപ്പെടുന്ന ഗണേഷാണ് അവതരിപ്പിക്കുന്നത്. പ്രീതം ഗുബ്ബിയാണ് ചിത്രം കന്നഡയില്‍ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും അടുത്തിടെ പുറത്തെത്തിയിരുന്നു.

96 എന്ന സിനിമ വെള്ളിത്തിരയില്‍ പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയുമെല്ലാം മറ്റൊരു ലോകം തന്നെ പ്രേക്ഷകനു സമ്മാനിച്ചിരുന്നു. ചിത്രം ഇനി തെലുങ്കില്‍ എത്തുമ്പോഴും സിനിമയുടെ ഭംഗി ഒട്ടും ചോരാതെ ആസ്വാദനത്തിന്‍റെ മറ്റൊരു ലോകം ചിത്രം പ്രേക്ഷകനു സമ്മാനിക്കുമെന്നാണ് ചലച്ചിത്ര ആസ്വാദകരുടെ പ്രതീക്ഷ.  അതേസമയം 99 ന്‍റെ ചിത്രീകരണം പൂര്‍ത്തിയായതായാണ് സൂചന.