ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രമൊരുങ്ങുന്നു

May 7, 2019

കുറഞ്ഞ കാലയളവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ താരമാണ് ഷെയ്ന്‍ നിഗം. തന്മയത്തത്തോടെയുള്ള അഭിനയവും കഥാപാത്രങ്ങളിലെ വിത്യസ്തതയും താരത്തെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കി.ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘വെയില്‍’ എന്നാണ് ചിത്രത്തിന്റെ പേര്. നവാഗത സംവിധായകനായ ശരത് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഷെയ്ന്‍ നിഗത്തോടൊപ്പം സുരാജ് വെഞ്ഞാറന്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിവരും ‘വെയില്‍’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ചിത്രത്തില്‍ നിരവധി പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ടെന്നാണ് സൂചന. തമിഴ് പിന്നണി ഗായകനായ പ്രദീപ് കുമാറാണ് ചിത്രത്തിന് സംഗീത സംവിധാനം ഒരുക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന സഹായി ആയിരുന്നു ശരത്. ‘അങ്കമാലി ഡയറീസ്’, ‘ഈ മ യൗ’ എന്നീ ചിത്രങ്ങളില്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്.

Read more:ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഈ ജ്യൂസുകള്‍ സഹായിക്കും

അതേസമയം തീയറ്ററുകളിലേക്കെത്താനുള്ള ഒരുക്കത്തിലാണ് ഷെയ്ന്‍ നിഗം നായകനായെത്തുന്ന ‘ഇഷ്‌ക്’ എന്ന ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിനു ശേഷം ഷെയ്ന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഇഷ്‌ക്’. സച്ചി എന്നാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

നോട്ട് എ ലവ് സ്‌റ്റോറി എന്ന ടാഗ് ലൈനോടെയാണ് ഇഷ്‌ക് തീയറ്ററുകളിലേക്കെത്താന്‍ ഒരുങ്ങുന്നത്. നവഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.