കൊല്ലം ജില്ലയിൽ ചിക്കൻ പോക്സ് പടർന്നു പിടിക്കുന്നു

May 8, 2019

ചൂടുകാലത്ത് അധികമായി കണ്ടുവരുന്ന രോഗങ്ങളിൽ ഒന്നാണ് ചിക്കൻ പോക്സ്. കൊല്ലം ജില്ലയിൽ ചിക്കൻ പോക്സ് പടർന്നു പിടിയ്ക്കുന്നതായി റിപ്പോർട്ട്. അതുകൊണ്ടുതന്നെ കൊല്ലം ജില്ലയിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്ലും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി ജില്ലാ ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ മാസം അവസാനം വരെയുള്ള കണക്കുകൾ പ്രകാരം  ജില്ലയില്‍ ആയിരത്തിലധികം പേര്‍ക്കാണ് ചിക്കന്‍ പോക്‌സ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കനത്ത ചൂടാണ് കൊല്ലം ജില്ലയിൽ. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അതേസമയം ചിക്കൻ പോക്സ് രോഗമുള്ളവരുമായുള്ള സമ്പർക്കം കഴിവതും ഒഴിവാക്കണം. രോഗികൾ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കിയതിന്  ശേഷം മാത്രം ഉപയോഗിക്കുക. കാരണം വളരെ വേഗത്തിൽ പകരുന്ന രോഗമാണ് ചിക്കൻ പോക്സ്. ഈ രോഗം തുടങ്ങുന്നത്തിന് മുമ്പുള്ള സമയത്തും രോഗം ആരംഭിച്ച് ഉടനെയുമാണ് അണുക്കൾ പകരുന്നത്. എന്നാൽ അണുക്കൾ ശരീരത്തിൽ പ്രവേശിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം മാത്രമേ ഇത് പുറത്ത് വരുകയുള്ളു.

Read also: ചൂടുകാലത്ത് കരുതലോടെ ഇരിക്കാൻ; അഞ്ച് കാര്യങ്ങൾ…

അതുപോലെ തന്നെ ശരീരത്തിലെ ജലാംശം കുറഞ്ഞ് തലകറക്കം, വിളർച്ച പോലുള്ള രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യതയും ചൂടുകാലത്ത് കൂടുതലാണ്. വിയർപ്പ് തങ്ങി നില്ക്കാൻ ഇടയുള്ളതിനാൽ വേണ്ടത്ര ശുചിത്വം കാത്തുസൂക്ഷിച്ചില്ലെങ്കിൽ അതുമൂലവും നിരവധി അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പൊടിപടലങ്ങൾ ഈ ദിവസങ്ങളിൽ അസഹനീയമായതിനാൽ ചെങ്കണ്ണ്, കൺകുരു പോലുള്ള അസുഖങ്ങളും സാധാരണമായി ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇടയ്ക്കിടയ്ക്ക് തണുത്ത വെള്ളത്തിൽ മുഖവും കണ്ണുകളും  കഴുകുന്നത് ഇത്തരം രോഗങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷ നൽകും. അതുപോലെ ചൂടുകുരു ഉണ്ടാകാനുള്ള സാധ്യത അധികമായതിനാൽ രാവിലെയും വൈകിട്ടും നിർബദ്ധമായും കുളി ഉറപ്പുവരുത്തണം.