തിരക്കഥയില്‍ നിന്നും അഭിനയത്തിലേക്ക്; പി എസ് റഫീഖ് തൊട്ടപ്പനില്‍

May 17, 2019

മനോഹരമായ ഒട്ടനവധി തിരക്കഥകള്‍ മലയാള സിനിമയ്ക്കു സമ്മാനിച്ച കഥാകാരനാണ് പി എസ് റഫീഖ്. ആമ്മേന്‍, ഉത്യോപയിലെ രാജാവ്, തൃശിവപേരൂര്‍ ക്ലിപ്തം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയിലൂടെ ശ്രദ്ധേയനാണ് ഇദ്ദേഹം. നാടക നടന്‍കൂടിയായ റഫീഖ് അഭിനേതാവായും വെള്ളിത്തിരയില്‍ തിളങ്ങാനുള്ള ഒരുക്കത്തിലാണ്. ‘തൊട്ടപ്പന്‍’ ആണ് താരത്തിന്റെ അരങ്ങേറ്റ ചിത്രം. പി എസ് റഫീഖ് തന്നെയാണ് തൊട്ടപ്പന്‍ എന്ന ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. താരത്തിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തിറങ്ങി.

കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടും വെള്ളിത്തിരയില്‍ ശ്രദ്ധേയനായ വിനായകന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്‍’. റിലീസിങ്ങിനൊരുങ്ങുകയാണ് ചിത്രം. ഈദിനോട് അനുബന്ധിച്ച് തൊട്ടപ്പന്‍ തീയറ്ററുകളിലെത്തും. ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഷാനവാസ് ബാവക്കുട്ടിയാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയും ‘തൊട്ടപ്പന്‍’ എന്ന സിനിമയ്ക്കുണ്ട്.

പുതുതലമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്. അതേസമയം തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കിസ്മത്ത് എന്ന ചിത്രത്തിനു ശേഷം ഷാനവാസ് ബാവുക്കുട്ടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് തൊട്ടപ്പന്‍.

Read more:200 കോടിയും കടന്ന് ‘ലൂസിഫര്‍’; ചരിത്രവിജയമെന്ന് ആരാധകര്‍

ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖ താരമായ പ്രിയംവദയാണ്. മുഴുനീള നായക വേഷത്തില്‍ വിനായകന്‍ ആദ്യമായെത്തുന്ന ചിത്രം എന്ന പ്രത്യേകതയോടെയാണ് തൊട്ടപ്പന്‍ എത്തുന്നത്. റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല, മനു ജോസ്, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

അച്ഛന്‍ മകള്‍ ബന്ധത്തിന്റെ തീവ്രതയാണ് തൊട്ടപ്പന്റെ മുഖ്യ പ്രമേയം. തൊട്ടപ്പന്‍ മകളെ വളര്‍ത്തിയതും, മകളെ സ്വാധീനിച്ചതും, സ്‌നേഹിച്ചതുമെല്ലാം അതേ വൈകാരികതയോടെ തന്നെ ചിത്രത്തിലും കാണാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രഖ്യാപനം.