ഞെട്ടിക്കുന്ന പൊട്ടിച്ചിരിയുമായി കുട്ടിമാമ’; റിവ്യൂ വായിക്കാം

കൗതുകങ്ങള്‍ ഒളിപ്പിച്ചുകൊണ്ടാണ് പലപ്പോഴും ചില സിനിമകള്‍ വെള്ളിത്തിരയിലെത്തുന്നത്. ഇത്തരത്തില്‍ കൗതുകമുണർത്തി വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് വി എം വിനു സംവിധാനം നിർവഹിച്ച് ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന കുട്ടിമാമ..‘കുട്ടിമാമ’ എന്ന പേര് പുറത്തെത്തിയപ്പോള്‍ മുതല്‍ക്കേ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. കാരണം പണ്ടേയ്ക്ക് പണ്ടേ മലയാളികള്‍ നെഞ്ചിലേറ്റിയ പേരാണ് കുട്ടിമാമ. ‘യോദ്ധ’ എന്ന ചിത്രത്തിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ‘കുട്ടിമാമ ഞാന്‍ ഞെട്ടി മാമ…’ എന്ന ഡയലോഗ് അത്ര പെട്ടെന്ന് മറക്കാനാകില്ല മലയാളികള്‍ക്ക്. ഇപ്പോഴിതാ കുട്ടിമാമയായി എത്തി പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കുകയാണ് നടൻ ശ്രീനിവാസനും മകൻ ധ്യാൻ ശ്രീനിവാസനും.

അതിരുകവിഞ്ഞ പൊങ്ങച്ചം പറച്ചിലിന് സോഷ്യൽ മീഡിയ നൽകിയ ഓമനപ്പേരാണ് ‘തള്ള്’. കുട്ടിമാമ എന്ന വിമുക്ത പട്ടാളക്കാരനെ വെള്ളിത്തിരയിൽ എത്തിച്ചതും ഈ തള്ള്  തന്നെയാണ്. പശ്ചാത്തല സംഗീതത്തിൽ പോലും ‘തള്ള്’, ‘തള്ള്’ എന്നു പറഞ്ഞ് പോകുന്ന ഒരു സിനിമ. ഒറ്റവാക്കിൽ പറഞ്ഞാൽ തള്ള് വീരനായ ഒരു പട്ടാളക്കാരന്റെ രസകരമായ ജീവിതകഥ.  തള്ള് വീരന്മാരായ പട്ടാളക്കാരുടെ കഥകൾ മുമ്പും മലയാള സിനിമ പറഞ്ഞുപോയിട്ടുണ്ട്. കുഞ്ഞിരാമായണത്തിലെ മാമൂക്കോയയുടെ വെൽഡൺ വാസുവും, ഹരീഷ് കണാരന്റെ ജാലിയൻ കണാരനുമൊക്കെ ഏറ്റെടുത്ത മലയാളികൾ പക്ഷെ കുട്ടിമാമയെക്കണ്ട് ഞെട്ടിയിരിക്കുകയാണ്. കാരണം ഇത് ഒരൊന്നന്നര തള്ള് മാമനാണ്.

ശേഖരന്‍കുട്ടി എന്ന കുട്ടിമാമയ്ക്ക് (ശ്രീനിവാസന്‍) സംസാരിക്കാന്‍ ഒരാളെ കിട്ടിയാല്‍ പിന്നെ വേറൊന്നും വേണ്ട. താന്‍ പട്ടാളത്തില്‍ കറി വച്ച്‌ ഇന്ത്യ-പാക് പട്ടാളക്കാര്‍ക്ക് സദ്യ വിളമ്പിയത് മുതല്‍ യുദ്ധഭൂമിയില്‍ കുറെയെണ്ണത്തെ കൊന്നു തള്ളിയ കഥ വരെ ഒറ്റയിരുപ്പിൽ അങ്ങ് പറഞ്ഞ് കളഞ്ഞേക്കും താരം. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത  വിജയഗാഥകൾ വാതോരാതെ പറയുന്ന, പട്ടാളക്കഥയും ക്യാമ്പിലെ വീരസാഹസിക കഥകളും നാട്ടുകാരുടെ മുന്നിൽ തള്ളിമറക്കുന്ന കുട്ടിമാമ തുടക്ക കാലങ്ങളിൽ നാട്ടുകാർക്ക് ആവേശമായിരുന്നു. എന്നാൽ പിന്നീട് കുട്ടിമാമയെക്കാണുമ്പോൾ മുഖം മറച്ച് ഓടി രക്ഷപെടുന്ന നാട്ടുകാരെയാണ് ചിത്രത്തിൽ കാണുന്നത്. എന്തിനേറെ പറയുന്നു നഗരത്തിൽ നിന്നും ഗ്രാമത്തിലേക്ക് ശാന്തി തേടി താമസം മാറിവന്ന ഒരു ബാങ്ക് മാനേജരെ ഒറ്റ രാത്രികൊണ്ട് നാടുവിടാൻ നിർബന്ധിതനാക്കിയത് വരെ സാക്ഷാൽ കുട്ടിമാമ തന്നെയാണ്. പൊടിപ്പും തൊങ്ങലും വച്ച്‌ പറയുന്ന കഥകള്‍ ഒറ്റ തവണ കേള്‍ക്കുന്നവര്‍ അടുത്ത തവണ ഇദ്ദേഹത്തെ കാണുമ്പോൾ ഓടി രക്ഷപ്പെടുന്നത് ഏത് വഴിക്കാണെന്ന് പോലും പറയാൻ കഴിയില്ല.

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന കുട്ടിമാമയുടെ തള്ളുകൾ നിറഞ്ഞതാണ്  ആദ്യ പകുതി എങ്കിൽ കുട്ടിമാമ എന്ന തള്ളുമാമ പറയുന്ന കഥകൾ സത്യമാണോ അതോ വെറും തള്ളാണോ എന്ന നാട്ടുകാരുടെയും പ്രേക്ഷകരുടെയും തിരിച്ചറിവാണ് ബാക്കി ഭാഗം.. പട്ടാളക്കാരുടെ വീരകഥകൾ തള്ളു മാത്രമായി കാണുന്ന ആളുകൾക്ക് മുന്നിൽ അയാളെ വീരപുരുഷനായി വാഴ്ത്തുന്ന കഥാന്ത്യമുള്ള സിനിമകൾ മുൻപും മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ചിത്രം അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്ഥത പുലർത്തുന്ന ചിത്രമാണ്.

ഒരേസമയം, പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിനിമകളിലൂടെ തന്നെയാണ് ഈ ശ്രീനിവാസൻ ചിത്രവും കടന്നുപോയിരിക്കുന്നത്. “തള്ള് “ എന്ന് പറഞ്ഞു തള്ളിക്കളയുന്ന പല കഥകൾക്ക് പിന്നിലും ചില സത്യങ്ങൾ ഉണ്ടായിരിക്കുമോ എന്ന ചിന്ത  ചിത്രം കണ്ടാൽ ഒരുപക്ഷേ  പ്രേക്ഷകർക്ക് ഉണ്ടായേക്കാം..രാജ്യത്തെ പരിപാലിക്കുന്ന പട്ടാളക്കാരെ ആദരിക്കാനുള്ള സിനിമയുടെ ഉദ്ദേശവും അഭിനന്ദിക്കപ്പെടേണ്ടത് തന്നെയാണ്.

Read also:‘ദിസ് ഈസ് നോട്ട് എ ലൗ സ്റ്റോറി’; ‘ഇഷ്‌ക്’ റിവ്യൂ വായിക്കാം.. 

ചിത്രത്തിൽ ഏറെ കൗതുകമുണർത്തിയത് ശേഖരൻകുട്ടിയുടെ ചെറുപ്പം അവതരിപ്പിക്കാൻ ശ്രീനിവാസന്റെ മകൻ ധ്യാൻ എത്തിയെന്നുള്ളതാണ്.. ഉശിരുള്ള ഒരു പട്ടാളക്കാരനായി ചിത്രത്തിൽ വേഷമിടുന്ന ധ്യാനിന്റെ പ്രകടനവും മികവുപുലർത്തുന്നുണ്ട്. തങ്ങൾക്ക് കിട്ടിയ  റോള്‍ ഭംഗിയാക്കിയിട്ടുണ്ട് അച്ഛനും മകനും, നായികയായി വേഷമിട്ട മീര വാസുദേവും മീരയുടെ ചെറുപ്പം അവതരിപ്പിച്ച  അഞ്ജലിയുടെയും  കൈകളിൽ അവരുടെ റോളുകളും ഭദ്രമായിരുന്നു. ഒരു സമയത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിദ്ധ്യമായ മീരയുടെ തിരിച്ചുവരവുകൂടിയാണ് ‘കുട്ടിമാമ’.

മനാഫിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ നട്ടെല്ല് . ഒരു ഇടവേളക്കു ശേഷം വി.എം വിനുവിന്റെ ഉജ്വലമായ അവതരണമാണ് കുട്ടിമാമയിൽ കാണുന്നത്.  ഒട്ടേറെ സിനിമകളുടെ അനുഭവസമ്പത്തുള്ള സംവിധായകന്റെ മറ്റൊരു മികച്ച കുടുംബചിത്രമാണ് കുട്ടിമാമ.

അനു ജോർജ്

Leave a Reply

Your email address will not be published. Required fields are marked *