സ്ത്രീധനം വാങ്ങിക്കില്ലായെന്ന് വരൻ; വിവാഹദിനം വരനെ കാത്തിരുന്നത് അത്ഭുതപെടുത്തുന്ന സമ്മാനം; കൈയ്യടിച്ച് സോഷ്യൽ മീഡിയ..

May 28, 2019

സ്ത്രീധനം വാങ്ങിക്കുന്നതും കൊടുക്കുന്നതും ഇന്ത്യൻ ഭരണഘടനയുടെ നിയമപ്രകാരം തെറ്റാണ്.. എങ്കിലും ഇന്നും നമ്മുടെ പത്രമാധ്യമങ്ങളിലെ വാർത്താകോളങ്ങളിലൂടെ  നാം അശ്രദ്ധമായി വായിച്ചുപോകുന്ന വാർത്തകളിൽ  സ്ത്രീധനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ടു എന്നതും, ഭാര്യയെ ഉപേക്ഷിച്ച വാർത്തകളും, ഗാർഹിക പീഡനങ്ങളുടെ വാർത്തകളുമൊക്കെ നിറയാറുണ്ട്. നിരോധിക്കപ്പെട്ട ഈ സ്ത്രീധനത്തിന്റെ പേരിൽ എങ്ങനെയാണ് കൊലപാതകങ്ങളും ആത്മഹത്യകളുമൊക്കെ നടക്കുന്നത്.. ചിന്തിക്കാതെവയ്യ.. ചോദിക്കാതെയും…

നിരോധിക്കപ്പെട്ട ഈ സ്ത്രീധനത്തെ തുടച്ചുനീക്കാത്തതിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക..? ഞാനും നിങ്ങളും അടങ്ങുന്ന ഈ സമൂഹം തന്നെയാണ് ഇതിനും ഉത്തരം പറയേണ്ടത്. സ്വന്തമായി വിദ്യാഭ്യാസവും ജോലിയും നേടിയിട്ടും എന്തുകൊണ്ടാണ് പെൺകുട്ടികൾ സ്ത്രീധനം വേണ്ടായെന്ന് സ്വന്തം മാതാപിതാക്കളുടെ മുഖത്ത് നോക്കി പറയാത്തത്. എന്തുകൊണ്ടാണ് സ്ത്രീധനം വാങ്ങിച്ച് വിവാഹം കഴിക്കില്ലായെന്ന് പുരുഷന്മാർ ഒന്നടങ്കം പറയാത്തത്..?

സ്ത്രീധനം വാങ്ങിക്കാതെ വിവാഹം കഴിക്കുന്ന പുരുഷന്മാർ ഇല്ലായെന്നല്ല..വളരെ ചുരുക്കമാണ്. എന്നാൽ ‘ഞങ്ങൾക്ക് സ്ത്രീധനം ഒന്നും വേണ്ടാ നിങ്ങളുടെ മകൾക്ക് ഇഷ്ടമുള്ളത് നിങ്ങൾക്ക് നൽകാം’  എന്ന് പറഞ്ഞ് വളരെ വളഞ്ഞ വഴിയിലൂടെ സ്ത്രീധനം വാങ്ങിക്കുന്നതും ഇന്ന് ട്രെൻഡായി മാറിയിരിക്കുകയാണ്.

സ്ത്രീധനം വാങ്ങിക്കില്ലായെന്ന് പറഞ്ഞ വരന് വധുവിന്റെ വീട്ടുകാർ നൽകിയ സമ്മാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ചാവിഷയം. സ്ത്രീധനത്തിന് പകരം തന്റെ മകളെ വിവാഹം കഴിച്ചുവിടുന്ന വീട്ടിലേക്ക് 1000 പുസ്തകങ്ങളാണ് വധുവിന്റെ വീട്ടുകാർ നൽകിയത്. ഇപ്പോഴിതാ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ എറ്റുവാങ്ങുകയാണ് ഈ സംഭവം. കൊൽക്കത്തയിലാണ് ഈ സംഭവം. സ്കൂൾ അധ്യാപകനായ സൂര്യൻ കാന്ത് ബാരിക്കിന്റെയും പ്രിയങ്ക ബേജിന്റെയും വിവാഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സ്ത്രീധന വിഷയത്തിൽ മരുമകൻ എടുത്ത നിലപാട് അഭിനന്ദനാർഹമാണെന്നും അതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്നും വധുവിന്റെ വീട്ടുകാരും അഭിപ്രായപ്പെട്ടു.

അതേസമയം സമൂഹ മാധ്യമങ്ങളിൽ വൻ സ്വീകാര്യത നേടിയ ഈ വാർത്ത കണ്ട് നിരവധി ആളുകളാണ് ഇരുവർക്കും അഭിന്ദനവുമായി എത്തുന്നത്. ഇത്തരം മാതൃകകൾ എല്ലവരും സ്വീകരിക്കണമെന്നും, സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതുമായ ശീലങ്ങൾ മുഴുവനായി തുടച്ചുനീക്കണമെന്നുമാണ് മിക്കവരും അഭിപ്രായപെടുന്നത്.