ചിത്രീകരണം പൂര്‍ത്തിയായി ‘മനോഹരം’ ഇനി തീയറ്ററുകളിലേക്ക്

May 14, 2019

നടനും സംവിധായകനും ഗായകനുമായെല്ലാം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ് വിനീത് ശ്രീനിവാസന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മനോഹരം’. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിന് ശേഷം വിനീത് നായകനായി എത്തുന്ന ചിത്രമാണ് ‘മനോഹരം’. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണിപ്പോള്‍.

അനവര്‍ സാദത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അന്‍വര്‍ സാദത്ത് തന്നെയാണ് ‘മനോഹരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മനോഹരം’ എന്ന് സൂചന നല്‍കുന്നുണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

Read more:ശിവകാര്‍ത്തികേയനൊപ്പം നയന്‍താരയും; ‘മിസ്റ്റര്‍ ലോക്കലി’ലെ ഗാനം ശ്രദ്ധേയമാകുന്നു

പാലക്കാട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. അതേസമയം പുതുമുഖ താരമാണ് മനോഹരത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായെത്തുന്നത്. സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവര്‍ക്കൊപ്പം ഹരീഷ് പേരാടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും മനോഹരത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് തോമസാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിക്കുന്നത്.

അതേസമയം വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘അരവിന്ദന്റെ അതിഥികള്‍’ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ്. വിനീത് ശ്രീനിവാസനോടൊപ്പം അച്ഛന്‍ ശ്രീനിവാസനും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയിരുന്നു. എം മോഹനനാണ് ചിത്രം സംവിധാനം ചെയ്തത്. നിഖില വിമല്‍, ഉര്‍വശി, വിജയരാഘവന്‍, പ്രേംകുമാര്‍, ബിജുക്കുട്ടന്‍, കോട്ടയം നസീര്‍, അജു വര്‍ഗീസ് എന്നിവരാണ് അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.