ആലാപനത്തില്‍ അതിശയിപ്പിച്ച് വിനീത് ശ്രീനിവാസന്‍; ശ്രദ്ധേയമായി ‘നെഞ്ചം’

June 4, 2019

പാട്ടുകള്‍, എക്കാലത്തും പ്രിയപ്പെട്ടവയാണ് പലര്‍ക്കും. ചില ദു:ഖങ്ങളില്‍, ചില സന്തോഷങ്ങളില്‍, ചില ഓര്‍മ്മകളില്‍ ഇങ്ങനെ പലപ്പോഴും പാട്ടിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ചില പാട്ടുകള്‍ പിന്നേയും പിന്നേയും മൂളി നടക്കുന്നതും ഇതുകൊണ്ടൊക്കെയാണല്ലോ. ഇപ്പോഴിതാ പാട്ട്‌പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ‘നെഞ്ചം’ എന്ന മ്യൂസിക്കല്‍ ആല്‍ബം. വിനീത് ശ്രീനിവാസന്റെ മികവാര്‍ന്ന ആലാപനം തന്നെയാണ്.

പ്രണയം പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന മ്യൂസി ആല്‍ബത്തിന്റെ ദൃശ്യാവിഷ്‌കാരവും ഏറെ മനോഹരമാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ശബരീഷ് ഉത്രടമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സനത്ത് ശിവരാജാണ് ഈ മ്യൂസിക്കല്‍ വീഡിയോയുടെ സംവിധാനം.

നടനും സംവിധായകനും ഗായകനുമായെല്ലാം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ് വിനീത് ശ്രീനിവാസന്‍. അതേസമയം താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘മനോഹരം’. ‘അരവിന്ദന്റെ അതിഥികള്‍’ എന്ന ചിത്രത്തിന് ശേഷം വിനീത് നായകനായി എത്തുന്ന ചിത്രമാണ് ‘മനോഹരം’.

Read more:പ്രൊമോഷന്‍ നിര്‍ത്തിവച്ച് ‘വൈറസ്’ സിനിമാ സംഘം2019

അനവര്‍ സാദത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രവും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. അന്‍വര്‍ സാദത്ത് തന്നെയാണ് ‘മനോഹരം’ എന്ന ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘മനോഹരം’ എന്നാണ് സൂചന.

പാലക്കാട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടെയും ചിത്രീകരണം. അതേസമയം പുതുമുഖ താരമാണ് മനോഹരത്തില്‍ വിനീത് ശ്രീനിവാസന്റെ നായികയായെത്തുന്നത്. സംവിധായകരായ ജൂഡ് ആന്റണി, ബേസില്‍ ജോസഫ്, വി കെ പ്രകാശ് എന്നിവര്‍ക്കൊപ്പം ഹരീഷ് പേരാടി, ഇന്ദ്രന്‍സ്, കലാരഞ്ജിനി തുടങ്ങി നിരവധി താരങ്ങളും മനോഹരത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് തോമസാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിക്കുന്നത്.