അനുരാഗ് കശ്യപ് ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി റോഷൻ മാത്യു

June 13, 2019

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച്, ആനന്ദത്തിലൂടെ ശ്രദ്ധേയനായി മലയാളി മനസുകളിൽ ഇടം നേടിയ നടനാണ് റോഷൻ മാത്യു. യുവനായകന്മാരിൽ ശ്രദ്ധേയനായ റോഷൻ മാത്യു ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്. ബോളിവുഡിലെ മുൻനിര സംവിധായകരിൽ ഒരാളായ അനുരാഗ് കശ്യപ് ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത.

സംവിധായികയും നടിയുമായ ഗീതു മോഹൻദാസാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഗീതു സംവിധാനംചെയ്ത മൂത്തോൻ എന്ന ചിത്രത്തിലെ താരത്തിന്റെ അഭിനയം തന്നെ ഏറെ അത്ഭുതപെടുത്തിയെന്നും അവിശ്വസനീയമായ പ്രകടനമാണ് റോഷൻ കാഴ്ചവച്ചിരിക്കുന്നതെന്നും ഗീതു അറിയിച്ചു. അതേസമയം മൂത്തോന് വേണ്ടി ഹിന്ദി സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് അനുരാഗ് കശ്യപാണ്.

Read also: കൗതുകമുണർത്തി നീരജിന്റെ ‘ഗൗതമിന്റെ രഥം’ ഒരുങ്ങുന്നു

പതിനാലുകാരനായ പയ്യൻ  തന്റെ സഹോദരനെത്തേടി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധാരാളം വൈകാരികത നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്. മൂത്തോന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ്. എഡിറ്റിങ് ബി.അജിത്കുമാര്‍. ഗാങ്സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗീതു മോഹൻ ദാസ് സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ പുതിയ രൂപത്തിലാണ് നിവിൻ എത്തുന്നത്. തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍ .  സിനിമയുടെ ചിത്രീകരണം ലക്ഷദ്വീപിലും മുംബൈയിലുമായാണ് നടന്നത്. ചിത്രീകരണം പൂർത്തിയായ സിനിമ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷമേ തീയേറ്ററുകളിലെത്തുകയുള്ളു.

വിശ്വാസപൂർവ്വം മൻസൂർ, കടംകഥ, മാച്ച്ബോക്സ്, ഒരായിരം കിനാക്കളാൽ, കൂടെ, തൊട്ടപ്പൻ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രത്തെ താരം അവതരിപ്പിച്ചു.