പ്രണയത്തിന്റെ ഓർമ്മകളുമായി ‘ഓർമ്മയിൽ ഒരു ശിശിരം’ തിയേറ്ററുകളിലേക്ക്

June 18, 2019

മനോഹരമായ പ്രണയാഗാനങ്ങളുമായി സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ‘ഓർമ്മയിൽ ഒരു ശിശിരം’. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജൂൺ 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൊണ്ടെത്തിക്കാനും ഓർമ്മയിൽ ഒരു ശിശിരത്തിൽ ഗാനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയ്‌ലറും ആരാധകർ ഏറ്റെടുത്തിരുന്നു. പ്രണയത്തിന്റെ പവിത്രതയും , കുടുംബ ബന്ധത്തിന്റെ തീവ്രതയുമൊക്കെ മനോഹരമായി ആവിഷ്കരിച്ചിരിച്ചാണ്  ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയത്.

Read also: തരംഗമായി വിജയ് സേതുപതിയുടെ ‘സിന്ദുബാദ്’; ട്രെയ്‌ലർ ശ്രദ്ധേയമാകുന്നു

വിവേക് ആര്യൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രമാണ് ഓർമ്മയിൽ ഒരു ശിശിരം. ദീപക്കാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക്. ചിത്രത്തിൽ  അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മാക്‌ട്രോ പിക്‌ചേഴ്‌സ് ഒരുക്കുന്ന ചിത്രത്തിന്റെ കഥ തയാറാക്കിയിരിക്കുന്നത് വിഷ്ണു രാജാണ്.