ഇത് ആടുതോമയുടെ ലേഡി വേര്‍ഷന്‍; ശ്രദ്ധേയമായി ‘നീര്‍മാതളം പൂത്തകാലം’ ടീസര്‍

June 19, 2019

മലയാള ചലച്ചിത്ര ലോകത്ത് അവിസ്മരണീയമായ കഥാപാത്രങ്ങളെ സമ്മാനിച്ചവരില്‍ ഏറെ മുന്നിലാണ് മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. താരം അവിസ്മരണീയമാക്കിയ ആടു തോമ എന്ന കഥാപാത്രത്തെയും അത്ര പെട്ടെന്ന് പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. സ്ഫടികം ജോര്‍ജിനു മുന്നിലൂടെ മുണ്ടും മടക്കി കുത്തി റെയ്ബാന്‍ ഗ്ലീസുംവച്ചുള്ള ആ വരവും മറക്കാനാവില്ല. സ്ഫടികം എന്ന സിനിമയിലെ ഈ രംഗം വീണ്ടും ചലച്ചിത്ര ആസ്വാദകരെ ഓര്‍മ്മപ്പെടുത്തുകയാണ് ‘നീര്‍മാതളം പൂത്തകാലം’ എന്ന സിനിമയുടെ ടീസര്‍.

എന്നാല്‍ ചെറിയൊരു വിത്യാസമുണ്ട് ഈ രംഗത്തിന്, സ്ഫടികത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു ആടുതോമയെങ്കില്‍ ടീസറില്‍ ആടുതോമയുടെ ലേഡി വേര്‍ഷനാണ് കാണാന്‍ സാധിക്കുക. പ്രീതി ജിനോ ആണ് ഈ രംഗത്തെ താരം. താരത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് നീര്‍മാതാളം പൂത്തകാലം. നവാഗതനായ എആര്‍ അമല്‍ കണ്ണനാണ് ചിത്രത്തിന് കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്നത്.

Read more:ആരും കൈയടിച്ചുപോകും ഈ നായയുടെ സ്‌നേഹത്തിനും കരുതലിനും മുന്നില്‍; വീഡിയോ

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ വിവിധ കാലഘട്ടത്തിലുള്ള പ്രണയത്തെക്കുറിച്ചാണ് നീര്‍മാതളം പൂത്തകാലം എന്ന ചിത്രം പറയുന്നത്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികളാണ് ഈ സിനിമയ്ക്ക് പിന്നില്‍. അനസ് നസീര്‍ഖാനാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒബ്‌സ്‌ക്യൂറ മാജിക് മൂവീസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ജെആര്‍ വര്‍മ്മ, കല്‍ഫാന്‍, വിശ്വമോഹന്‍, സ്ഫടികം ജോര്‍ജ്, ഡോണ, അരുണ്‍ ചന്ദ്രന്, അര്‍ജുന്‍, അക്ഷയ്, അനില്‍ നെടുമങ്ങാട്, ഫ്രാങ്കോ, വിഷ്ണുനാഥ് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. എഴുപതോളം പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ടെന്നാണ് സൂചന.