ശ്രദ്ദേയമായി വൈറസിലെ ‘സ്പ്രെഡ് ലവ്’; പ്രോമോ സോങ് കാണാം..

June 3, 2019

‘വൈറസ്’ വെള്ളിത്തിരയിലെത്തുമ്പോൾ നിറഞ്ഞ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിലെപ്രോമോ സോങ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.‘സ്പ്രെഡ് ലവ്’ എന്ന പേരില്‍ പുറത്ത് വന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ഷെല്‍ട്ടന്‍ പിന്‍റോ, മുഹ്സിന്‍ പരേരി എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്

ചിത്രത്തിന്റേതായി പുറത്തുവിട്ട പോസ്റ്ററുകൾക്കും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട രേവതിയുടേയും, റിമ കല്ലുങ്കലിന്റെയും ക്യാരക്ടർ പോസ്റ്ററുകൾക്കും മികച്ച പ്രതികരണം ലഭിച്ചിരുന്നു. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വന്‍ താര നിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരക്കുന്നത്.

‘എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പോസ്റ്ററും നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്  വൈറസിന്റെ നിര്‍മ്മാണം. ഒരു സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് വൈറസ് എന്നാണ് പുറത്തു വരുന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആഷിക് അബു 2009ല്‍ ‘ഡാഡികൂള്‍’ എന്ന ചിത്രത്തിലൂടെയാണ് സംവിധായക രംഗത്തെത്തുന്നത്. 2011ല്‍ പുറത്തിറങ്ങിയ ‘സാള്‍ട്ട് ആന്‍ഡ് പെപ്പര്‍’, 2012ലെ ’22 ഫീമെയില്‍ കോട്ടയം’ എന്നീ സിനിമകള്‍ പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും അവതരണത്തിലെ പുതുമകൊണ്ടും ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഈ സിനിമകള്‍ ആ വര്‍ഷത്തെ മികച്ച വാണിജ്യ വിജയം സ്വന്തമാക്കിയ സിനിമകള്‍ കൂടിയാണ്. സംവിധാനം കൂടാതെ സിനിമ നിര്‍മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളിലും ആഷിക് അബു മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. അടുത്ത ആഴ്ച ചിത്രം തിയേറ്ററുകളിൽ എത്തും.