പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ; ദേ ഇതാണ് ‘ഫാന്‍ ഓഫ് ദ് മാച്ച്’ മുത്തശ്ശി: വീഡിയോ

July 3, 2019

പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ എന്നു പറയേണ്ടിവരും ചാരുലത പാട്ടേല്‍ എന്ന 87 കാരിയെ കണ്ടാല്‍. എജ്ബാസ്റ്റനില്‍ ബംഗ്ലാദേശിനെതിരെയുള്ള ഇന്ത്യയുടെ ആവേശപ്പോരാട്ടത്തില്‍ ഗാലറിയില്‍ ഇരുന്ന് ആര്‍പ്പുവിളിച്ച ചാരുലത പാട്ടേല്‍ എന്ന മുത്തശ്ശിയെ ഇന്ത്യക്കാര്‍ ഒന്നടങ്കം അങ്ങ് നെഞ്ചിലേറ്റി. ക്യാമറക്കണ്ണുകള്‍ പോലും മുത്തശ്ശിയെ വെറുതെവിട്ടില്ല എന്നുവേണം പറയാന്‍. ലോകകപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലടക്കം ഈ ഫാന്‍ മുത്തശ്ശിയാണ് നിറഞ്ഞുനില്‍ക്കുന്നത്. ഇന്ത്യക്കാര്‍ ഒന്നടങ്കം ‘ഫാന്‍ ഓഫ് ദ് മാച്ച്’ എന്നു ഈ മുത്തശ്ശിക്കു പേരും നല്‍കി.

ഇന്ത്യക്കാരാണ് ചാരുലത പാട്ടേലിന്റെ മാതാപിതാക്കള്‍. എന്നാല്‍ ഈ മുത്തശി ജനിച്ചതു ടാന്‍സാനിയയിലാണ്. മക്കള്‍ക്ക് ക്രിക്കറ്റിനോടുള്ള ഭ്രമം തന്നെയാണ് ഈ മുത്തശ്ശിയെയും ക്രിക്കറ്റ് പ്രേമിയാക്കിയത്. മുഖത്ത് ചായം തേച്ചും വുവുസേല മാതൃകയിലുള്ള വാദ്യാപകരണം ഉപയോഗിച്ചുമൊക്കെയാണ് ഈ ക്രിക്കറ്റ് മുത്തശ്ശി ഗാലറിയില്‍ ഇന്ത്യന്‍ ടീമിനുവേണ്ടി ജയ് വിളിച്ചത്.

മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും രോഹിത് ശര്‍മ്മയും ക്രിക്കറ്റ് മുത്തശ്ശിയുടെ അരികിലെത്തി. കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് ശേഷം മുത്തശ്ശി സ്‌നേഹചുംബനങ്ങള്‍ നല്‍കി. തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. എല്ലാ അര്‍ത്ഥത്തിലും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത് മഹനീയ മുഹൂര്‍ത്തങ്ങള്‍ക്കാണ്. കോഹ്ലിയോടും രോഹിത് ശര്‍മ്മയോടും സ്‌നേഹസംഭാഷണത്തിലേര്‍പ്പെടുന്ന മുത്തശിയുടെ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങള്‍ വഴി നിരവധി പേരാണ് പങ്കുവയ്ക്കുന്നത്.

അതേസമയം ഇന്ത്യന്‍ ടീം എപ്പോഴൊക്കെ ഇംഗ്ലണ്ടില്‍ എത്തിയിട്ടുണ്ടോ അപ്പോഴെല്ലാം ചാരുലത മുത്തശ്ശി പ്രാര്‍ത്ഥനകളും ആശംസകളുമൊക്കെയായി ഗാലറിയില്‍ ഇരിപ്പുറപ്പിക്കാറുണ്ട്. 1983 ല്‍ കപില്‍ ദേവും സംഘവും കിരീടം ചൂടുമ്പോഴും താന്‍ ഗാലറിയിലിരുന്നു കളി കാണാനുണ്ടായിരുന്നെന്നും ചാരുലത പാട്ടേല്‍ മുത്തശ്ശി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.