അപ്രതീക്ഷിത തീരുമാനം; വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ താരം

July 3, 2019

ഇന്ത്യന്‍ ക്രിക്കറ്റ് താരം അംബാട്ടി റായുഡു രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ പ്രവേശനം ലഭിച്ചതിന് പിന്നാലെയാണ് താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യയുടെ 15 അംഗ ടീമില്‍ നിന്ന് പുറത്തായതിന് പിന്നാലെ സ്റ്റാന്‍ഡ് ബൈ താരമായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും താരത്തിന് കളിയ്ക്കാൻ അവസരം ലഭിച്ചിരുന്നില്ല ഇതേത്തുടർന്നാണ് താരം അപ്രതീക്ഷിത വിരമിക്കൽ തീരുമാനം എടുത്തത്. വിജയ് ശങ്കറിന് പരിക്കേറ്റപ്പോള്‍ റായുഡുവിന് പകരം മായങ്ക് അഗര്‍വാളിനെയാണ് ലോകകപ്പ് ടീമിലേക്ക് സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത്. ഇതും താരത്തിന്റെ വിരമിക്കലിന് കരണമായിട്ടുണ്ടെന്നാണ് സൂചന.

ലോകകപ്പ് ടീമിലെ നാലാം നമ്പറില്‍ ഇന്ത്യ കണ്ടുവെച്ചത് റായുഡുവിനെ ആയിരുന്നു. ഇത്  ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക കപ്പിന് തൊട്ടു മുമ്പ് നടന്ന പരമ്പരകളില്‍ റായുഡുവിന് നാലാം നമ്പറില്‍ തിളങ്ങായാനില്ല, ഇതോടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ റായുഡുവിന് പകരം ലോകകപ്പ് ടീമിലെത്തുകയായിരുന്നു.

Read also: പ്രായമൊക്കെ വെറുമൊരു നമ്പറല്ലേ; ദേ ഇതാണ് ‘ഫാന്‍ ഓഫ് ദ് മാച്ച്’ മുത്തശ്ശി: വീഡിയോ

ഐ പി എല്ലിലും ഇനി കളിക്കാനില്ലെന്നും വിദേശ ടി 20 ലീഗുകളില്‍ മാത്രമെ ഇനി കളിക്കുവുള്ളുവെന്നും താരം വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ഇന്ത്യയ്ക്കായി 55 ഏകദിനവും ആറ് ടി20 മത്സരവും കളിച്ചിട്ടുളള റായിഡു ഏക ദിനത്തില്‍ 47.5 ശരാശരിയില്‍ 1694 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. മൂന്ന് തവണ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ താരം 10 തവണ അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.