ഫേസ്ആപ്പിന് പിന്നാലെ പോകുന്നവരോട്.. സംഗതി അൽപം പ്രശ്നമാണ് കേട്ടോ..

July 18, 2019

കുറച്ച ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന പുതിയ ആപ്ലിക്കേഷനാണ് ഫേസ്ആപ്പ്. പ്രായമാകുമ്പോൾ ഓരോരുത്തരുടെയും ലുക്ക് എങ്ങനെ ആയിരിക്കുമെന്ന് കാണിച്ച് തരുന്ന ആപ്പാണ് ഫേസ്ആപ്പ്. സമൂഹ മാധ്യമങ്ങളിൽ തരംഗമായ പുതിയ ട്രെൻഡിന് പിന്നാലെയാണ് സിനിമ താരങ്ങളടക്കം എല്ലാവരും. എന്നാൽ രസകരമെന്ന് തോന്നുന്ന ഈ ആപ്പിന് പിന്നിലെ ചില ചതിക്കുഴികളാണ് ഇപ്പോൾ പുറത്തുവരുന്നത്.

എല്ലാവരും ഫേസ്ആപ്പ് ഡൗൺലോഡ് ചെയ്ത് ചിത്രങ്ങളും പങ്കുവെച്ചു. എന്നാൽ ഇതിന്റെ ടേംസ് ആന്റ് കണ്ടീഷൻസ് വായിച്ച് നോക്കാതെയാണ് മിക്കവരും ഇത് ഡൗൺലോഡ് ചെയ്‌തത്‌. ടേംസ് ആന്റ് കണ്ടീഷൻസ് പ്രകാരം നാം ഒരു തവണ ഈ ആപ്പിലിട്ട് ചിത്രങ്ങൾ എഡിറ്റ് ചെയ്താൽ ഫേസ്ആപ്പ് കമ്പനിയ്ക്ക് നമ്മുടെ ചിത്രങ്ങൾ ലോകത്ത് എവിടെ വേണമെങ്കിലും പ്രമോഷന് വേണ്ടി ഉപയോഗിക്കാം. അത് ഉപഭോക്താവിനെ കമ്പനി അറിയിക്കണമെന്നില്ല, ഇതിനെതിരെ നിയമ നടപടികളുമായി പോകാനുള്ള അനുവാദവും ഉപഭോക്താവിനില്ല.

ഫേസ്ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്ന സമയത്ത് നമ്മുടെ  പേര്, ശബ്ദം തുടങ്ങി എന്ത് വേണെങ്കിലും ഉപയോഗിക്കാനുള്ള അനുമതി നാം നൽകിയിട്ടുണ്ട്.

അതേസമയം നമ്മുടെ വിവരങ്ങൾ മറ്റൊരാൾക്ക് നൽകില്ലെന്നാണ് കമ്പനി പറയുന്നത്. ഇതിന് സുരക്ഷ വീഴ്ച ഇല്ലെന്നും 48 മണിക്കൂറിനുള്ളിൽ വിവരങ്ങൾ ഡിലീറ്റ് ചെയ്യുമെന്നും കമ്പനി പറയുന്നുണ്ട്. ഇത് സംബന്ധിച്ച് ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകികൊണ്ടുള്ള ഒരു ട്വീറ്റും ഫേസ്ആപ്പ് അധികൃതർ പങ്കുവച്ചിട്ടുണ്ട്.