വിജയ് ദേവരക്കൊണ്ടയ്ക്ക് വേണ്ടി ദുല്‍ഖര്‍ പാടി; ഗാനം ട്രെന്‍ഡിങില്‍ ഒന്നാമത്

കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്‍ജ്ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകര്‍ ഏറെയാണ്. താരത്തിന്റെ അഭിനയവും ഡാന്‍സുമെല്ലാം വെള്ളിത്തിരയില്‍ കൈയടി നേടുന്നു. വിജയ് ദേവരക്കൊണ്ടയെ പോലെതന്നെ രശ്മിക മന്ദാനയ്ക്കുമുണ്ട് ആരാധകര്‍ ഏറെ. ഇരുവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ചിത്രത്തിനു വേണ്ടിയുള്ള കോമ്രേഡ് ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ്. ഈ ഗാനം അടുത്തിടെ പുറത്തെത്തിയിരുന്നു.

മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം ട്രെന്‍ഡിങില്‍ ഒന്നാമതാണ്. ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. ജോണ്‍ പോളിന്റെ വരികള്‍ക്ക് ജസ്റ്റിന്‍ പ്രഭാകരനാണ് ഈണം പകര്‍ന്നിരിക്കുന്നത്.

Read more:ജോലിക്കിടെ കുഞ്ഞിന്‍റെ വിശപ്പകറ്റി ഒരച്ഛന്‍ ‘സിഇഒ’; ‘സൂപ്പര്‍ ഡാഡ്’ എന്ന് സോഷ്യല്‍ മീഡിയ

ഭരത് കമ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. കന്നട, തമിഴ്, മലയാളം എന്നീ മൂന്നുഭാഷകളില്‍ ചിത്രം തീയറ്ററുകളിലെത്തും. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ടാക്‌സിവാല എന്ന സിനിമയ്ക്ക് ശേഷം വിജയ് ദേവരക്കൊണ്ട കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഡിയര്‍ കോമ്രേഡ്. ശ്രുതി രാമചന്ദ്രനും ഈ സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ജൂലൈ 26 ന് ഡിയര്‍ കോമ്രേഡ് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഇഫോര്‍ എന്റര്‍ടെയ്‌മെന്റ്‌സാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടിയിരിക്കുന്നത്. മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.