ദിലീപിന്റെ ‘ശുഭരാത്രി’ തിയേറ്ററുകളിലേക്ക്

July 1, 2019

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ശുഭരാത്രി. ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തുന്നത് അനു സിത്താരയാണ്. വ്യാസൻ കെ പി സംവിധാനം ചെയ്യുന്ന സിനിമ ‘കോടതിസമക്ഷം ബാലൻ വക്കീലിന്’ ശേഷം ദിലീപ് നായകനായെത്തുന്ന ചിത്രമാണ്. ആരാധകർ കാത്തിരിക്കുന്ന ദിലീപ് ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ മാസം ആറാം തിയതിയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ചിത്രത്തിൽ സിദ്ദിഖും, ആശ ശരത്തും  പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. നാദിര്‍ഷ ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ശുഭരാത്രി എന്ന സിനിമയ്ക്കുണ്ട്. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read also: ‘മലയാള സിനിമ ഇനി ഭരിക്കുന്നത് അഹാന’- മാല പാർവതി, കണ്ണുനിറഞ്ഞ് അഹാന…

അതേസമയം ദിലീപ് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം കോടതി സമക്ഷം ബാലൻ വക്കീലാണ്. തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം. വിക്കനായ വക്കീല്‍ വേഷത്തിലാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. ‘പാസഞ്ചര്‍’ എന്ന സിനിയ്ക്ക് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണ് ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’. മംമ്താ മോഹന്‍ദാസും പ്രിയ ആനന്ദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.ബി ആര്‍ ഉണ്ണികൃഷ്ണനാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍. അതേസമയം ദിലീപ് നായകനായെത്തുന്ന ‘ജാക്ക് ഡാനിയല്‍’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.