മലയാളത്തിന്റെ കുഞ്ഞിക്കയ്ക്ക് ഇന്ന് പിറന്നാൾ; ആശംസകളുമായി താരങ്ങൾ

സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖർ സൽമാൻ  ശരവേഗത്തിലാണ് പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് ഓടിക്കയറിയത്. പിന്നീടങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലും ബോളിവുഡിലുമായി  ദുൽഖറിനെ കാത്തിരുന്നത് നിരവധി ചിത്രങ്ങളായിരുന്നു.

ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന യുവതാരങ്ങളിലൊരാളായി മാറിയ ദുൽഖർ സൽമാന് ഇന്ന് പിറന്നാൾ. സിനിമ പ്രവർത്തകരും ആരാധകരുമായി നിരവധി ആളുകളാണ് മലയാളത്തിന്റെ കുഞ്ഞിക്കായ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. അതേസമയം തമിഴ് താരം ധനുഷിനും ഇന്ന് പിറന്നാളാണ്.

അതേസമയം ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് കുറുപ്പ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന ചിത്രം ‘ കുറുപ്പി’ന്റെ ചിത്രീകരണം ആരംഭിച്ചു. ദുൽഖർ സൽമാനാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് പുതിയ ചിത്രത്തിന്റ പിന്നിൽ. സെക്കൻഡ് ഷോ, കൂതറ എന്നീ സിനിമകൾക്കു ശേഷം ശ്രീനാഥ് സംവിധാനം ചെയ്യുന്ന സിനിമയാണ് കുറുപ്പ്.

1984 ൽ ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ശവശരീരം ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാൾ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്ന് ഇൻഷൂറൻസ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം.ബസ് കാത്തുനിൽക്കുകയായിരുന്ന ചാക്കോയെ ലിഫ്റ്റ് നൽകാമെന്ന് പറഞ്ഞ് സുകുമാരക്കുറുപ്പ് കാറിൽ കയറ്റി യാത്രാമദ്ധ്യേ കഴുത്തിൽ തുണിമുറുക്കി കൊല്ലുകയായിരുന്നു. പിന്നീട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ സുകുമാരക്കുറുപ്പിന്റെ ജീവിതം മുമ്പും പലരും സിനിമയാക്കിയിട്ടുണ്ട്. എന്നാൽ അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചത്.

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് സുകുമാരക്കുറുപ്പിന്റെ ജീവിതം ഇപ്പോൾ സിനിമയാകാൻ പോകുന്നത്. ജിതിന്‍ കെ ജോസ്, ജിഷ്ണു ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കിയ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്.