മോഹൻലാലും സൂര്യയും ഒന്നിക്കുന്നു; ശ്രദ്ധേയമായി ‘കാപ്പാൻ’ ലൊക്കേഷൻ ചിത്രങ്ങൾ

മോഹൻലാൽ സൂര്യ താരങ്ങളെ മുഖ്യ കഥാപാത്രങ്ങളാക്കി കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കാപ്പാൻ. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മോഹൻലാലും തെന്നിന്ത്യൻ താരം സൂര്യയും ഒന്നിക്കുന്ന ചിത്രത്തിൽ രാഷ്ട്രീയക്കാരനായാണ് മോഹൻലാൽ വേഷമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രി ചന്ദ്ര കാന്ത് വര്‍മ്മ ആയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നതെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ചിത്രത്തിലെ ലൊക്കേഷൻ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിക്കുന്നത്.

ചിത്രത്തിൽ മോഹൻലാലിന്റെ സുരക്ഷാ ചുമതലയുള്ള ഓഫിസറായാണ് സൂര്യ എത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാലേട്ടൻ തമിഴകത്തേക്ക് തിരിച്ചെത്തുന്നത്. ജില്ലക്കു ശേഷം മോഹന്‍ലാല്‍ വേഷമിടുന്ന തമിഴ് സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Read also: സെറ്റിൽ കുസൃതിയൊപ്പിച്ച് ടൊവിനോ, പകരം വീട്ടി സംയുക്ത; രസകരമായ വീഡിയോ കാണാം..

കെവി ആനന്ദുമൊത്തുള്ള സൂര്യയുടെ മൂന്നാമത്തെ സിനിമയാണ് ഇത്. അയാന്‍, മാട്രാന്‍ എന്നിവയാണ് മുന്‍ ചിത്രങ്ങള്‍. യുവ നടന്‍ ആര്യയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. വനമകൻ എന്ന ചിത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച സയേഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്..ആര്യ, ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഹാരിസ് ജയരാജ് ആണ് സംഗീത സംവിധായകന്‍. ചിത്രം അടുത്ത മാസം അവസാനം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സുരേഷ് ബാല കൃഷ്‌ണനാണ്.