കൗതുകമൊളിപ്പിച്ച് ‘ഉൾട്ട’; മോഷൻ പോസ്റ്റർ പുറത്തുവിട്ട് കുഞ്ചാക്കോ

കുറഞ്ഞ കാലയളവുകൊണ്ടു തന്നെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ ഗോകുല്‍ സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഉള്‍ട്ട’. പേരുകൊണ്ട് തന്നെ ഇതിനോടകം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു ‘ഉള്‍ട്ട’ എന്ന സിനിമ. തിരക്കഥാകൃത്തായ സുരേഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

അനുശ്രീയും പ്രയാഗ മാര്‍ട്ടിനും ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. രമേശ് പിഷാരടി, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ജാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, ശാന്തികൃഷ്ണ, കെ പി എ സി ലളിത, മഞ്ജു മറിമായം, തെസ്‌നി ഖാന്‍, ആര്യ, സുരഭി എന്നിവരും ഉള്‍ട്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനു പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ഉള്‍ട്ട ‘അച്ഛനെയാണ് എനിക്കിഷ്ടം’, ‘നാടന്‍പെണ്ണും നാട്ടുപ്രമാണിയും’, ‘ദീപ സ്തംഭം മഹാശ്ചര്യം’, ‘കോളേജ് കുമാരന്‍’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്‍. സുരേഷ് പൊതുവാള്‍ തന്നെയാണ് ഉള്‍ട്ടയുടെയും തിരക്കഥ എഴുതിയിരിക്കുന്നത്. സിപ്പി ക്രീയേറ്റീവിന്റെ ബാനറില്‍ സുഭാഷ് സിപ്പിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read also:‘നാടകം കളിച്ചു നടന്നതിന് പകരം പള്ളിക്കൂടത്തിൽ പോയി പത്ത് ഇംഗ്ലീഷും പഠിച്ചിരുന്നെങ്കിൽ ഹോളിവുഡിലോ വല്ലോം പോയി രക്ഷപ്പെടാമായിരുന്നു’; നെപ്പോളിയന് ആശംസകളുമായി ഷമ്മി തിലകൻ

ഇപ്പോഴിതാ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. കുഞ്ചാക്കോ ബോബന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മോഷൻ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഗോകുൽ സുരേഷ്, രമേഷ് പിഷാരടി, പ്രയാഗ മാർട്ടിൻ, അനുശ്രീ തുടങ്ങിയവരെയാണ് പോസ്റ്ററിൽ കാണുന്നത്.