മലയാളികള്‍ക്ക് ഏറ്റുപാടാന്‍ കിടിലന്‍ താളത്തില്‍ ‘പട്ടാഭിരാമനി’ലെ പുതിയ ഗാനം: വീഡിയോ

August 19, 2019

മലയാള ചലച്ചിത്രലോകത്ത് തന്മയത്തത്തോടെയുള്ള അഭിനയ മികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും ശ്രദ്ധേയനായ നടനാണ് ജയറാം. കുടുംബപ്രേക്ഷകരുടെ ഇഷ്ട നായകന്‍. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് പട്ടാഭിരാമന്‍. കണ്ണന്‍ താമരക്കുളമാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പട്ടാഭിരാമന്‍ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തെത്തി. ‘കൊന്നു തിന്നും…’ എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. മുരുകന്‍ കാട്ടാക്കടയുടേതാണ് ഗാനത്തിലെ വരികള്‍. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. എം ജയചന്ദ്രനും സംഗീതയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

കണ്ണന്‍ താമരക്കുളവും ജയറാമും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയും പട്ടാഭിരാമനുണ്ട്. തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ്, എന്നിവയാണ് ഇരുവരും ഒന്നിച്ച മറ്റ് ചിത്രങ്ങള്‍. പട്ടാഭിരാമന്‍ എന്ന ചിത്രത്തില്‍ പേരുകേട്ട ഒരു പാചകക്കാരന്റെ വേഷത്തിലാണ് ജയറാം എത്തുന്നത്. എബ്രഹാം മാത്യു ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ദിനേഷ് പള്ളത്തിന്റേതാണ് പട്ടാഭിരാമന്‍ എന്ന സിനിമയുടെ തിരക്കഥ. ബൈജു സന്തോഷ്, ഹരീഷ് കമാരന്‍, ധര്‍മ്മജന്‍, പ്രേംകുമാര്‍, സായ്കുമാര്‍, ദേവന്‍, നന്ദു, മാധുരി, പാര്‍വ്വതി നമ്പ്യാര്‍, അനുമോള്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

അനശ്വരമായ കഥാപാത്രങ്ങള്‍ക്കൊണ്ട് വെള്ളിത്തിരയില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന താരമാണ് ജയറാം. ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തിലായിരുന്നു ജയറാമിന്റെ ജനനം. കേളേജ് പഠനകാലത്ത് മിമിക്രിയില്‍ നിറസാന്നിധ്യമായിരുന്നു താരം. കേളജ് വിദ്യാഭ്യാസത്തിനു ശേഷം കലാഭവന്റെ ഭാഗമായി. പത്മരാജന്‍ സംവിധാനം നിര്‍വ്വഹിച്ച അപരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സനിമയിലേക്കുള്ള ജയറാമിന്റെ അരങ്ങേറ്റം. തുടര്‍ന്നങ്ങോട്ട് നിരവധി സിനിമകളില്‍ താരം തിളങ്ങി. ജയറാമിന്റെ കഥാപാത്രങ്ങളൊക്കെയും വെള്ളിത്തിരയില്‍ ശ്രദ്ധേയമായിട്ടുണ്ട്.

Read more:ഒടുവില്‍ ഉണ്ണി മുകുന്ദന്‍ കണ്ടെത്തി; ആ കുഞ്ഞു ഉണ്ണി മുകുന്ദനെ

മൂന്നാംപക്കം, മഴവില്‍ക്കാവടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സന്ദേശം, മേലേപ്പറമ്പില്‍ ആണ്‍വീട്, മാളൂട്ടി, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, മനസിനക്കരെ, മയിലാട്ടം, മധുചന്ദ്രലേഖ, വെറുതെ ഒരു ഭാര്യ, നോവല്‍, സ്വപ്‌ന സഞ്ചാരി, പകര്‍ന്നാട്ടം, സീനിയേഴ്‌സ്, പഞ്ചവര്‍ണ്ണതത്ത തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ജയറാം വെള്ളിത്തിരയില്‍ ശ്രദ്ധേയനാണ്.