“സിഗരറ്റില്‍ വിക്‌സ് പെരട്ടി വലിച്ചാ കോള്‍ഡ് പോകും എന്ന് പറയണൊണ്ട്”: ശ്രദ്ധേയമായി ശുഭരാത്രിയിലെ രംഗം: വീഡിയോ

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ശുഭരാത്രി’. വ്യാസന്‍ കെപിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിലെ ഒരു രംഗം. ആറ് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള രംഗമാണ് പുറത്തെത്തിയിരിയ്ക്കുന്നത്. ശുഭരാത്രി എന്ന സിനിമയുടേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ക്കും പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ട്.

അതേസമയം ‘ശുഭരാത്രി’ എന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായികാ കഥാപാത്രമായെത്തുന്നത്. നാദിര്‍ഷയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നു. നാദിര്‍ഷ ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ശുഭരാത്രി എന്ന സിനിമയ്ക്കുണ്ട്. സിദ്ദിഖ്, ആശ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, പരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സ്വാസിക എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്. എബ്രഹാം മാത്യുവാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അതേസമയം ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ജാക്ക് ഡാനിയല്‍’ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ദിലീപിനൊപ്പം തമിഴകത്തെ സൂപ്പര്‍ താരം അര്‍ജുനും ജാക്ക് ഡാനിയല്‍ എന്ന സിനിമയില് കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. എസ്എല്‍ പുരം ജയസൂര്യയായാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

പീറ്റര്‍ ഹെയ്‌ന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. അതേസമയം 2007 ല്‍ തീയറ്ററുകളിലെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും എസ്എല്‍പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജാക്ക് ഡാനിയലിനുണ്ട്. തമീസ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ‘ജാക്ക് ഡാനിയലി’ന്റെ നിര്‍മ്മാണം.