രണ്ട് വർഷത്തെ ചിത്രീകരണത്തിന് ശേഷം ‘ട്രാൻസ്’ പൂർത്തിയായി; ഫഹദ് ചിത്രം ഉടൻ

September 2, 2019

ഫഹദ് ചിത്രങ്ങൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഫഹദിന്റേതായി പുറത്തിറങ്ങാനുള്ള ട്രാൻസ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാകുന്നത്. രണ്ടുവർഷത്തിലധികമായി അനൗൺസ് ചെയ്ത സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നാല് ഷെഡ്യൂളുകളിലായി രണ്ട് വർഷത്തിലധികം നീണ്ടുനിന്ന ചിത്രീകരണത്തിന് ശേഷമാണ് ട്രാൻസ് പൂർത്തിയായത്. ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തും.

അതേസമയം സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം ചിത്രത്തിന്റെ കലാസംവിധായകൻ അജയൻ ചാലിശ്ശേരിയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

അജയൻ ചാലിശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് 

ഒടുവിൽ രണ്ട് വർഷത്തെ ചിത്രീകരണത്തിന് ശേഷം ട്രാൻസ് പൂർത്തിയായി. ജീവിതത്തിലെ ഏറ്റവും വലിയ സിനിമ ! ഒരു ടൺ സന്തോഷം! 
അൻവറിക്ക,അമലേട്ടൻ, ഫഹദ് ,എന്റെ സഹപ്രവർത്തകർ, മസ്ഹർ, വിഷ്ണു , ലെൻ,രതീഷ് ,കണ്ണൻ,അൻസാറിക്ക,മറ്റു കട്ടക്ക് ഒപ്പം നിന്ന ചങ്കുകൾക്കും ഉമ്മകൾ ! 

നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്.

അധികം കൊട്ടിഘോഷങ്ങളില്ലാതെ  എത്തി പ്രേക്ഷക ഹൃദയം കീഴടക്കി പോകുന്ന പതിവാണ് ഫഹദ് ചിത്രങ്ങൾക്കുള്ളത്. അതുപോലെ തന്നെ  ഈ ചിത്രവും കാണികളുടെ കൈയടി വാങ്ങുമെന്ന പ്രതീക്ഷയിലാണ് സിനിമ ലോകം.

ഇത്തവണ ചിത്രത്തിൽ ഫഹദിന്റെ വരവിലും സിനിമയുടെ ചിത്രീകരണത്തിലും തികച്ചും വ്യത്യസ്തത ഉണ്ടാകുമെന്നും പ്രേക്ഷകർ ഇതുവരെ കാണാത്ത പുതുമയായിരിക്കും ചിത്രത്തെ വ്യത്യസ്തതമാക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

Read also: എന്തൊരു സമ്മർസോൾട്ടാണിത്!! സോഷ്യൽ മീഡിയയെ അതിശയിപ്പിച്ച് ഒരു പെൺകുട്ടി

സംവിധായകനായ അമൽ നീരദാണ് ‘ട്രാൻസി’ൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അമൽ നീരദിന്റെ ‘വരത്തനി’ലും നായകനായി എത്തിയത് ഫഹദ് ഫാസിൽ തന്നെയാണ്. അമൽ– ഫഹദ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ഇയ്യോബിന്റെ പുസ്തക’വും മികച്ച വിജയമായിരുന്നു.