മനോഹരമാണ് ഈ മാതൃസ്നേഹം; മനസ്സിലാണ് ‘ഇട്ടിമാണി’: റിവ്യൂ വായിക്കാം

‘എന്തോ ഇഷ്ടമാണ് എല്ലാവർക്കും’….മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത  നടനാണ് മോഹൻലാൽ… മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന മോഹൻലാൽ എന്ന അതുല്യ പ്രതിഭ വെള്ളിത്തിരയിൽ നിറഞ്ഞാടിയ ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തെ മലയാളികൾ ഹൃദയത്തിലേറ്റാൻ മറ്റ് കാരണങ്ങളൊന്നും വേണ്ട, മോഹൻലാൽ ചിത്രം എന്ന പേര് മാത്രം മതി.

മലയാള സിനിമയുടെ ഭാഗമായിരുന്ന ജിബി- ജോജു കൂട്ടുകെട്ട് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലൂടെ ഒരു മുഴുനീള കോമഡി കുടുംബചിത്രമാണ് ആരാധകർക്കായി ഈ ഓണക്കാലത്ത് ഒരുക്കിയിരിക്കുന്നത്. ഇരുവരും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

മോഹൻലാലിനൊപ്പം ശക്തമായ ‘അമ്മ കഥാപാത്രമായി എത്തിയ കെ പി എസ് സി ലളിതയും, പുരോഹിതനായി വേഷമിട്ട സിദ്ധിഖും, രാധിക ശരത്കുമാറും, ഹണി റോസും പുട്ടിന് തേങ്ങപോലെ ഇടക്കിടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാൻ തമാശകളുമായി എത്തിയ ധർമ്മജനും, ഹരീഷ് കണാരനും സലിം കുമാറും അജു വർഗീസുമടക്കമുള്ളവരിലൂടെ മികച്ച കഥാപാത്രങ്ങളെയാണ് സംവിധായകർ തിരഞ്ഞെടുത്തിരിക്കുന്നത്.

ചൈനയിൽ ജനിച്ചുവളർന്ന് പിന്നീട് തൃശൂരിലെ കുന്നംകുളത്ത് എത്തുന്ന മാണിക്കുന്നേൽ ഇട്ടിമാണിയുടെ  കഥ പറയുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. എന്തിനും കമ്മീഷൻ മേടിക്കുന്ന ആളാണ് മണിക്കുന്നേൽ ഇട്ടിമാണി, എന്തിന് സ്വന്തം അമ്മയെ ആശുപത്രിയിൽ കിടത്തിയതിന് ഡോക്‌ടറോടും, സ്വന്തം കല്യാണത്തിന് പെണ്ണുകാണാൻ കൊണ്ടുപോയ ബ്രോക്കറോടും വരെ കമ്മീഷൻ ചോദിച്ച ഐറ്റമാണ് സാക്ഷാൽ മാണിക്കുന്നേൽ മാത്തച്ചൻ മകൻ ഇട്ടിമാണി.

പ്രേക്ഷകരെ ഏറെ പൊട്ടിച്ചിരിപ്പിച്ച ഈ ചിത്രത്തിലൂടെ മാതൃ സ്നേഹത്തിന്റെ മഹത്വമാണ് സംവിധായകരും കൂട്ടരും പറഞ്ഞുവയ്ക്കുന്നത് എന്നത് ഏറെ ശ്രദ്ധേയം. പ്രായമാകുമ്പോൾ മാതാപിതാക്കളെ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്ന മക്കൾക്കും, മാതാപിതാക്കന്മാർക്കൊപ്പം സമയം ചിലവഴിക്കാനില്ലാത്ത മക്കൾക്കുമെതിരെ ഉയർത്തുന്ന വിമർശനം കൂടിയാണ് ചിത്രം മുന്നോട്ട് വയ്ക്കുന്നത്. ഇട്ടിമാണിയുടെ ‘അമ്മ തെയ്യയിലൂടെ തുടങ്ങുന്ന സ്നേഹം പല അമ്മമാരിലൂടെ കടന്ന് പിന്നീട് ഒരു വൃദ്ധ സദനത്തിൽ എല്ലാവരാലും ഒഴിവാക്കപ്പെട്ട കുറെയധികം അമ്മമാരിലാണ് എത്തപ്പെടുന്നത്. ചിത്രത്തിലെ എടുത്തുപറയേണ്ട ഒന്നും ഇട്ടിമാണിയും അമ്മയും തമ്മിലുള്ള സ്നേഹത്തിന്റെ കെമിസ്ട്രിയാണ്. അമ്മയും മകനും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെ നേർക്കാഴ്ച കൂടിയാണ് ഈ ചിത്രം.

പേര് സൂചിപ്പിക്കുന്ന പോലെത്തന്നെ ചൈനയുമായി വലിയ ബന്ധമുണ്ട് ചിത്രത്തിനും. ചൈനയിൽ ജനിച്ചുവളർന്ന ഇട്ടിമാണി ചൈനയിലെ പോലെ ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ബിസിനസുകാരനാണ്. അമ്മയ്‌ക്കൊപ്പം സന്തോഷമായി ജീവിക്കുന്ന ഇട്ടിമാണിയെ പെണ്ണ് കെട്ടിക്കാൻ കഷ്ടപ്പെടുന്ന അമ്മയുടെ ആഗ്രഹപ്രകാരം പെണ്ണ് കാണാൻ പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് ചിത്രം വികസിക്കുന്നത്.

തൃശൂരിലും ചൈനയിലുമായാണ് സിനിമയുടെ ചിത്രീകണം നടത്തിയിരിക്കുന്നത്. തൂവാനത്തുമ്പികളിലെ ജയകൃഷ്ണന് ശേഷം മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വൈക്കം വിജയ ലക്ഷ്മിയും മോഹൻലാലും ചേർന്ന് ആലപിച്ച കണ്ടോ കണ്ടോ എന്ന ഗാനവും ഏറെ ശ്രദ്ധേയമാണ്. ഒപ്പം മോഹൻലാലിൻറെ മാർഗംകളിയും പ്രേക്ഷകരെ അമ്പരിപ്പിക്കുന്നുണ്ട്. ഷാജി കുമാറിന്റെ ഛായാഗ്രാഹണവും എടുത്തുപറയേണ്ടത് തന്നെയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

 

 

Leave a Reply

Your email address will not be published. Required fields are marked *